കൊല്ലം: പുനലൂർ - നാഗർകോവിൽ എക്‌സ്‌പ്രസ്, വഞ്ചിനാട് എക്‌സ്‌പ്രസ്, ഇന്റ‌ർസിറ്റി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾക്ക് കൊച്ചുവേളിയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് റെയിൽവേയുടെ പരിഗണനയിലാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. പുനലൂർ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്ത് നിന്നും ആർ.സി.സിയിലേക്കും ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ചികിത്സയ്ക്ക് പോകുന്നവരുടെയും ടെക്‌നോപാർക്ക് ഉൾപ്പടെയുള്ള വിവിധ സ്ഥാപനങ്ങളിൽ ദിവസേന ജോലിക്ക് പോകുന്നവരുടെയും നിരന്തര ആവശ്യമായിരുന്നു കൊച്ചുവേളിയിൽ സ്റ്റോപ്പ്. സ്റ്റോപ്പ് അനുവദിക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരോടും റെയിൽവേ അധികാരികളോടും ആവശ്യപ്പെട്ടിരുന്നു. മൂന്ന് ട്രെയിനുകൾക്കും കൊച്ചുവേളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്തിട്ടുള്ളതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ്, എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ രേഖാമൂലം അറിയിച്ചു.