ഓടനാവട്ടം: പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫ് അംഗവും മൈലോട് വാർഡ് മെമ്പറുമായ എസ്.മായയെ തിരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന എൽ.ഡി. എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസം പാസായതിനാൽ പ്രസിഡന്റ് സിപിഎമ്മിലെ വി. സരിതയ്ക്കും വൈസ് പ്രസിഡന്റ് സി.പി.ഐയിലെ ആർ. ഉദയനും ഭരണം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പകൽ 11ന് വോട്ടിംഗിലൂടെ പ്രസിഡന്റിനെയും 2ന് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുകയായിരുന്നു. ആകെയുണ്ടായിരുന്ന 16 അംഗ ഭരണ സമിതിയിൽ യു.ഡി.എഫിന് 8 ഉം, എൽ.ഡി.എഫിന് 7ഉം ബി.ജെ.പിയ്ക്ക് 1ഉം അംഗങ്ങൾ . എന്നാൽ ഒരു യു.ഡി.എഫ് അംഗം കൂറുമാറി എൽ.ഡി. എഫിന് വോട്ട് ചെയ്തുവെങ്കിലും ബി.ജെ.പി അംഗം യു.ഡി.എഫിന് പിന്തുണ നൽകിയതോടെ
കക്ഷിനില തുല്ല്യമാവുകയായിരുന്നു. തുടർന്ന് വോട്ടെടുപ്പിലൂടെ എസ്. മായ പ്രസിഡന്റായും സി.പി.ഐ അംഗം ആർ. ഉദയൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഒരു കാലയളവിൽ മൂന്നാമത്തെ പ്രസിഡന്റാണ് എസ്.മായ.