
കൊല്ലം: കോൺഗ്രസ് പാർട്ടി നേതാക്കളെ ഇ.ഡിയെ കൊണ്ട് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടപ്പിച്ച നരേന്ദ്രമോദി പിണറായി വിജയനെയും മകളെയും സംരക്ഷിക്കുന്നതിന് പ്രത്യുപകാരമായാണ് തൃശൂർ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുത്തതെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ.
ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം പള്ളിമുക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ കേരളത്തിലെ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നും പിണറായി രാജിവയ്ക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകർക്ക് വിശ്രമം ഇല്ലെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, അൻസർ അസീസ്, എൻ.ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, ജി.ജയപ്രകാശ്, എം.എം.സഞ്ജീവ് കുമാർ, ആനന്ദ് ബ്രഹ്‌മാനന്ദ്, ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, കെ.ബി.ഷഹാൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മയക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ മുണ്ടയ്ക്കൽ രാജശേഖരൻ, കൃഷ്ണകുമാർ, മണികണ്ഠൻ, ബൈജു ആലുംമൂട്, അജിത്ത് മയ്യനാട്, മണക്കാട് സലീം, ഗോപാലകൃഷ്ണൻ, അസിമുദ്ദീൻ, ശാന്തിനി ശുഭദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റികളിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, കുണ്ടറ, എഴുകോൺ എന്നിവിടങ്ങളിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ, പുനലൂരിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, കരുനാഗപ്പള്ളിയിൽ അടൂർ പ്രകാശ്, ചവറയിൽ ബിന്ദുകൃഷ്ണ, ചടയമംഗലത്ത് എം.എം.നസീർ, പരവൂരിൽ തൊടിയൂർ രാമചന്ദ്രൻ, ചിതറയിൽ സൈമൺ അലക്സ്, പത്തനാപുരത്ത് സൂരജ് രവി, തൃക്കോവിൽവട്ടത്ത് എ.ഷാനവാസ്ഖാൻ, അഞ്ചലിൽ ഭാരതീപുരം ശശി, കൊട്ടാരക്കരയിൽ പി.ഹരികുമാർ, തലവൂരിൽ ചാമക്കാല ജ്യോതികുമാർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.