കൊട്ടാരക്കര: രോഗികളേക്കാൾ ചികിത്സ അനിവാര്യമായി മാറിയിരിക്കുകയാണ് കൊട്ടാരക്കര താലൂക്ക് ആശൂപത്രിയ്ക്ക്. ഇവിടേയ്ക്ക് ആരോഗ്യ വകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കോടികൾ മുടക്കി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതുയർത്തുമ്പോഴും കാലിൽ മുള്ളുകൊണ്ടു വരുന്ന രോഗിയെ പോലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് കാണാം. അടിയന്തര ചികിത്സ പോലും ലഭിക്കാതെ രോഗികൾ അപായപ്പെടുന്ന സംഭവങ്ങളുമണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പാമ്പു കടിയേറ്റ് ചകിത്സ തേടിയ യുവാവ് മരിക്കാനിടയായ സംഭവവും ആശുപത്രിയുടെ തികഞ്ഞ ആനാസ്ഥയാണെന്ന ആരോപണമുണ്ട്. പാമ്പു കടിയേറ്റ് ചികിത്സ തേടിയെത്തുന്നവർക്ക് നൽകാൻ ആന്റിവെനം ഉണ്ടെങ്കിലും വിഷ ചികിത്സാ വിദഗ്ധനെ നിയമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.
വേണ്ടത്ര ഡോക്ടർമാരോ, ജീവനക്കാരോ ഇല്ല
റോഡപകടങ്ങൾ വ്യാപകമാകുന്നതിനാലാണ് ഇവിടെ ട്രോമാകെയർ യൂണിറ്റ് സ്ഥാപിച്ചത്. എന്നാൽ നിലവിൽ ട്രോമാ കെയർ യൂണിറ്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ചികിത്സ തേടിയെത്തന്നവർ പറയുന്നു . ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാണെങ്കിലും വേണ്ടത്ര ഡോക്ടർമാരെയോ, ജീവനക്കാരെയോ നിയമിക്കുന്നതിൽ വീഴ്ച വരുത്തുന്നു. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന താലൂക്കാശുപത്രിയിൽ മരുന്നിന്റെ അഭാവവുമുണ്ട്. മിക്ക മരുന്നുകളും പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാൻ സ്ളിപ്പ് നൽകി വിടുന്നു.
പ്രവർത്തനം മെച്ചപ്പെടുത്തണം
ഇവിടെ യുണ്ടായിരുന്ന സീനിയർ ഫിസിഷ്യൻ ഡോ. കരം ചന്ദ് പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറി. പകരം മറ്റൊരു സീനിയർ ഫിസീഷ്യനെ നിയമിച്ചിട്ടില്ല. ന്യൂറോ വിഭാഗത്തിൽ വിദഗ്ദ്ധനായ ഡോക്ടറെ നിയമിച്ചെങ്കിലും ന്യൂറോ ഐ.സി.യൂണിറ്റും മറ്റു സംവിധാനവുമില്ലാത്തതിനാൽ സ്ട്രോക്കോ ഹൃദയ സ്തംഭനമോ ഉണ്ടാകുന്നവരെ ഇവിടെ അഡ്മിറ്റ് ചെയ്യാൻ കഴിയുന്നില്ല. അടിയന്തരമായി ന്യൂറോ ഐ.സി.യുവും വിഷ ചികിത്സാ വിഭാഗവും കാർഡിയോളജി, നെഫ്രോളജി, യൂറോളജി, വിദഗ്ധരെയും അടിയന്തരമായി നിയമിച്ച് താലൂക്കാശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.