കൊല്ലം: അറിവാണ് ദൈവമെന്ന ഗുരുവരുൾ എല്ലാവരും ഹൃദയത്തിലേറ്റണമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ. കേരളകൗമുദിയുടെയും ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ശാരദാമഠത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷത്തിന്റെയും കേരളകൗമുദിയുമായി ചേർന്നുള്ള വിദ്യാരംഭത്തിന്റെയും ആലോചനായോഗം കൊല്ലം എസ്.എൻ വനിതാ കോളേജ് സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്നും ഗുരു ഉപദേശിച്ചു. വിദ്യ നേടി ഈശ്വര സാക്ഷാത്കാരം നേടുകയെന്നാണ് ഈ ഗുരുവരുളിന്റെ അർത്ഥം. നേരത്തെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾ എത്തുമായിരുന്നു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയതോടെ വിദ്യാർത്ഥികൾ പുറം രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പോകുന്ന പുതിയ പ്രവണതയ്ക്ക് മാറ്റം വരുത്തണം. എസ്.എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും സ്ഥാപനങ്ങളും കേരളകൗമുദിയും ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ്, വനിത കോളേജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ എന്നിവർ സംസാരിച്ചു. എ.ഡി. രമേഷ് സ്വാഗതവും ബി.പ്രതാപൻ നന്ദിയും പറഞ്ഞു. വനിത സംഘം പ്രസിഡന്റ് ഡോ. എസ്.സുലേഖ പ്രാർത്ഥന ആലപിച്ചു. കൊല്ലം യൂണിയൻ ഭാരവാഹികൾ, വനിത സംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയീസ് കൗൺസിൽ, എംപ്ലോയീസ് ഫോറം, പെൻഷണേഴ്സ് കൗൺസിൽ, സൈബർ സേന, മറ്റ് പോഷക സംഘടനകൾ, എന്നിവയുടെ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖാ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ശാരദാമഠം ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.