കൊല്ലം: എം. മുകേഷ് എം.എൽ.എയായി തുടരുന്നത് സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണുസുനിൽ പന്തളവും ജില്ലാ പ്രസിഡന്റ് റിയാസ് ചിതറയും പ്രസ്താവനയിൽ പറഞ്ഞു.

സി.പി.എമ്മിന് സ്ത്രീ സംരക്ഷണത്തെക്കാൾ അധികാരമാണ് വലുതെന്നതിന്റെ വ്യക്തമായ സൂചനയാണ് മുകേഷിനോടുള്ള ഉദാരസമീപനം. നിയമത്തിലെ സാങ്കേതികത കൊണ്ട് മാത്രമാണ് അദ്ദേഹം അഴിക്കുള്ളിലാകാത്തത്. പൊലീസ് ശക്തമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നെങ്കിൽ മുകേഷിന് മുൻകൂർ ജാമ്യം ലഭിക്കില്ലായിരുന്നു. കേരളത്തിലെ സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിച്ച് പൊലീസ് മുകേഷിനെതിരായ അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഇതിലൂടെ, ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്ക് പൊലീസിനെ സമീപിക്കാനുള്ള ധൈര്യമാണ് സർക്കാർ കെടുത്തിയിരിക്കുന്നത്. മുകേഷിന് കൊല്ലത്തെ ജനങ്ങളെ അഭിമുഖീകരിക്കാൻ ജാള്യതയുണ്ട്. അതുകൊണ്ടാണ് പീഡന പരാതി ഉയർന്ന ശേഷം തന്റെ മണ്ഡലമായ കൊല്ലത്തേക്ക് അദ്ദേഹം വരാത്തത്. സി.പി.എം പകർന്നുനൽകുന്ന സ്ത്രീവിരുദ്ധ ഓക്സിജൻ ശ്വസിച്ച് അദ്ദേഹം കൊല്ലത്തേക്ക് വന്നാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഇരുവരും പറഞ്ഞു.