 
കൊല്ലം: പള്ളിത്തോട്ടത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. നീണ്ടകര പടിഞ്ഞാറ്റേതിൽ കടപ്പുറത്ത് വീട്ടിൽ സിറിയക് (41) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. പള്ളിത്തോട്ടം ഗലീലിയോ നഗർ ഒന്നിൽ താമസിക്കുന്ന നിബിനെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. കൊല്ലം പോർട്ട് ലേല ഹാളിൽ ഇന്നലെ ഉച്ചയ്ക്ക് 12:30നാണ് സംഭവം. ഒരാഴ്ച മുൻപ് നിബിന്റെ വീടിന് മുന്നിൽ സിറിയക് മദ്യപിച്ച് നിൽക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. നിബിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ബി. ഷഫീക്ക്, എസ്.ഐമാരായ സി. ഹരികുമാർ, എം. കൃഷ്ണകുമാർ, എ.എസ്.ഐമാരായ ഷാനവാസ് ഖാൻ, അനിൽകുമാർ, എസ്.സി.പി.ഒ ശ്രീകുമാർ, സി.പി.ഒ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.