മൺറോത്തുരുത്ത്: അര നൂറ്റാണ്ടായി കല്ലട നാടിന്റെ ദേശീയോത്സവമായ 28-ാം ഓണനാളിൽ നടന്നിരുന്ന കല്ലട ജലോത്സവം ഇത്തവണ ഒക്ടോബർ 12ന് നടക്കും. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിൽ കൂടിയ യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ രക്ഷാധികാരിയും കോവൂർ കുഞ്ഞുമോൻ എം.എൽ.എ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, ജനകീയ കൂട്ടായ്മ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.

കാരൂത്തറക്കടവ് മുതിരപ്പറമ്പ് നെട്ടായത്തിൽ നടക്കുന്ന ജലമേളയിൽ വെപ്പ് എ, ബി ഗ്രേഡ്, ഇരുട്ടുകുത്തി എ, ബി ഗ്രേഡ് ഇനങ്ങളിലായി 16 കളിവള്ളങ്ങളും, സ്ത്രീകൾ തുഴയുന്ന വള്ളങ്ങളും, അലങ്കാര വള്ളങ്ങളും പങ്കെടുക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളും ഉണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ മിനി സൂര്യകുമാർ, ആർ.അനീറ്റ, ആറ്റുപുറത്ത് സുരേഷ്, മായ നെപ്പോളിയൻ, എസ്.സന്തോഷ് കുമാർ, സജിത്ത് എന്നിവർ അറിയിച്ചു.