കൊല്ലം: വൈറൽ പനി ആശങ്കപ്പെടുത്തും വിധം ഉയർന്നതോടെ പനിക്കിടക്കയിൽ നിന്നനങ്ങാൻ കഴിയാതെ ജില്ല. ഉയർന്ന പനി, മൂക്കൊലിപ്പ്, തലവേദന, ഉയർന്ന ശരീര താപനില, ശരീരവേദന, വിശപ്പില്ലായ്മ, നിർജ്ജലീകരണം എന്നീ ലക്ഷണങ്ങളോടെ എല്ലാ പ്രായത്തിലുള്ളവർക്കും വൈറൽ പനി വ്യാപിക്കുകയാണ്.

ഈ മാസം 23 വരെ 12180 പേരാണ് പനിക്ക് ചികിത്സ തേടിയത്. വിവിധ ആശുപത്രികളിൽ 220 പേരാണ് ചികിത്സയിൽ കഴിയുന്നത്. രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ പനി മാറുമെങ്കിലും ചുമയും മറ്ര് ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ടുനിൽക്കും. എലിപ്പനി, ഡെങ്കിപ്പനി ഭീഷണിയും ജില്ലയിൽ വ്യാപകമാണ്. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.

ഈ മാസം 23 വരെ 192 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ലക്ഷണങ്ങൾ ഉള്ളവർ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയെ സമീപിക്കുകയും ചികിത്സ തേടുകയും വേണം.

മാറിവരുന്ന മഴയും വെയിലും വില്ലൻ

 മാറിവരുന്ന മഴയും വെയിലുമാണ് വൈറൽ പനി വ്യാപിക്കാൻ കാരണം

 പനി ബാധിതർ കൃത്യസമയത്ത് ചികിത്സ തേടുന്നില്ല

 മാസ്ക് ധരിക്കാത്തതും പനി പടരാൻ കാരണമാണ്

 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

 ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

 കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം

 കൈകാലുകളിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിൽ ഇറങ്ങരുത്

 എലിപ്പനി പ്രതിരോധിക്കാൻ ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം

 സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യം

പകർച്ച വ്യാധികൾ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കണം. സ്വയംചികിത്സ അപകടകരമാണ്.

ജില്ലാ മെഡിക്കൽ ഓഫീസർ