ചിതറ: എസ്.എൻ.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് നട്ടുവളർത്തിയ ചെണ്ടുമല്ലി പൂക്കൾ കൊണ്ട് ഒരുക്കിയ പൂപ്പാവാട സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൗതുകമായി. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കൾ കൊണ്ട് പാവാട തീർക്കുന്നതിന് മൂവായിരത്തിലധികം പൂക്കളാണ് ഉപയോഗിച്ചത്. ഓണത്തിന് ഒരു മുറം പൂക്കൾ എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് നട്ടുവളർത്തിയ പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയിരുന്നു. ഓണപ്പൂക്കളം ഒരുക്കിയതിനുശേഷം മിച്ചമുള്ള പൂക്കൾ ഉപയോഗിച്ചുകൊണ്ട് ചിത്രകലാ അദ്ധ്യാപകന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാർ ലിംഗനീതിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ട് അണിയിച്ചൊരുക്കിയതാണ് പൂപ്പാവാട സെൽഫി പോയിന്റ്.