കൊല്ലം: ജില്ലയെ രേഖപ്പെടുത്തുന്ന അടയാളങ്ങളിൽ ഒന്നായ ചിന്നക്കട ക്ലോക്ക് ടവറിലുള്ള ക്ളോക്കുകളിലെ സമയത്തെറ്റും പഴക്കവും അധികൃതർ ഗൗനിക്കുന്നില്ല. ക്ളോക്കിലെ അക്കങ്ങൾ മാഞ്ഞിട്ട് വർഷങ്ങളായി. നാലു വശങ്ങളുള്ള ടവറിൽ രണ്ട് വശങ്ങളിൽ മാത്രമാണ് കൃത്യമായ സമയമുള്ളത്. ചിന്നക്കട മേൽപ്പാലത്തിൽ നിന്ന് നോക്കുന്ന വശത്തെ ക്ലോക്കിൽ കുറച്ച് അക്കങ്ങൾ മാത്രം ബാക്കി. കോർപ്പറേഷനിലെ താമരക്കുളം ഡിവിഷന്റെ പരിധിയിലുള്ള ക്ളോക്ക് ടവറിന്റെ ചരിത്രപ്രാധാന്യം അധികൃതർ അവഗണിക്കുക്കുവെന്നാണ് ആക്ഷേപം.
ക്ലോക്ക് ടവർ നവീകരിക്കണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്. ഇടയ്ക്ക് ചില്ലറ അറ്റകുറ്റപ്പണികൾ നടത്തുന്നതല്ലാതെ കാര്യമായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു. അക്കങ്ങൾ മാഞ്ഞ കാര്യം നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. ടവറിന്റെ പരിപാലനം നടത്തുന്നതിൽ അധികൃത യാതൊരു ഗൗരവവും കാട്ടുന്നില്ലന്നതാണ് യാഥാർത്ഥ്യം.
ക്ലോക്കിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ ക്വട്ടേഷൻ വിളിച്ച് സ്വകാര്യ ഏജൻസികളെ ചുമതല ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ ഇതുവരെ യാതൊരു നീക്കുപോക്കുകളും ഉണ്ടായിട്ടില്ല.
കെ.ജി.പരമേശ്വരൻപിള്ള സ്മാരകം
1932 മുതൽ 16 വർഷം മേയറായിരുന്ന കെ.ജി.പരമേശ്വരൻപിള്ളയോടുള്ള ആദരസൂചകമായി 1944ലാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് ക്ലോക്ക് ടവർ സ്ഥാപിച്ചത്. 1941ൽ നിർമ്മാണം ആരംഭിച്ചു. തിരുവിതാംകൂറിലെ ആദ്യകാല ക്ലോക്ക് ടവറുകളിൽ ഒന്നായ ഇതിന്റെ വശങ്ങളിലെ നാല് വലിയ ശിലകൾ കൊൽക്കത്തയിൽ നിന്നാണ് എത്തിച്ചത്. കീ കൊടുക്കേണ്ട ക്ളോക്കായിരുന്നു ആദ്യം സ്ഥാപിച്ചത്. പിന്നീട് പലതണ അറ്റകുറ്റപ്പണി നടത്തി യന്ത്രഘടന മാറ്റി. ശേഷം ക്ലോക്കിന്റെ പ്രവർത്തനം വൈദ്യുതീകരിക്കുകയായിരുന്നു.
ഇപ്പോഴും ആശ്രയം
ഇന്ന് സമയം അറിയാൻ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളുമൊക്കെ ഉണ്ടെങ്കിലും ചിന്നക്കടയിലൂടെ സഞ്ചരിക്കുന്നവരിൽ ഭൂരിഭാഗം പേരും ക്ലോക്ക് ടവറിലെ സമയത്തെ ആശ്രയിച്ചിരുന്നു. റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നവരായിരുന്നു കൂടുതലും. ടവറിലെ നാല് ക്ലോക്കുകളിലെയും സമയം ശരിയാക്കണമെന്നും മാഞ്ഞ് പോയ അക്കങ്ങൾ തെളിയിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ക്ലോക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. ഏജൻസികൾക്ക് ഉടൻ ടെണ്ടർ നൽകും. സമയവ്യത്യാസവും അക്കങ്ങൾ മാഞ്ഞുപോയതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും
കോർപ്പറേഷൻ അധികൃതർ