raha
മുൻ വെസ്റ്റിൻഡീസ് ക്യാപ്ടൻ ദനേഷ് റാംദിൻ സമ്മാനിച്ച ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന കടയ്ക്കൽ സ്വദേശി റാഹ ഫാത്തിമ

കൈമാറിയത്

20 ഡോള‌ർ

ചിതറ: നിധിപോലെ കാത്തുസൂക്ഷിച്ച അമൂല്യ സമ്മാനം വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി റാഹ ഫാത്തിമ. 2019ൽ വിൻഡീസ് ക്രിക്കറ്റ് അസോസിയേഷന്റെ ഒഫീഷ്യൽ പേജിലൂടെ വൈറലായ കടയ്ക്കൽ സ്വദേശിയായ റാഹയെന്ന കൊച്ചു ക്രിക്കറ്റ് ആരാധികയെ ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല.

കാര്യവട്ടത്ത് നടന്ന 20-20 ക്രിക്കറ്റ് കാണാൻ പോയ റാഹയ്ക്ക് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനെ അടുത്ത് കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ഇപ്പോഴും ഒരു സ്വപ്നം പോലുള്ള ഓ‌ർമ്മയാണ്. അന്ന് നാല് വയസുകാരിയായിരുന്ന റാഹ ഫാത്തിമ അച്ഛനും സഹോദരനുമൊപ്പമാണ് ക്രിക്കറ്റ് കാണാനെത്തിയത്. പിന്നീട് അച്ഛനമ്മമാരോടൊപ്പം ബീച്ചിൽ കറങ്ങാൻ പോയപ്പോഴും വിൻഡീസ് ടീമിനെ കാണാനിടയായി. അന്നത്തെ ക്യാപ്ടൻ ദനേഷ് റാംദിൻ റാഹയെ സ്നേഹത്തോടെ ചേ‌ർത്തുനിറുത്തി മത്സരത്തിനുള്ള രണ്ട് ടിക്കറ്റും സമ്മാനവും നൽകി. ടിക്കറ്റിനൊപ്പം ലഭിച്ച അമേരിക്കൻ ഡോളർ അന്ന് മുതൽ അമൂല്യനിധിയായി സൂക്ഷിക്കുകയായിരുന്നു റാഹ. എ.പി.ആർ.എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഇപ്പോൾ റാഹ ഫാത്തിമ. കടയ്ക്കൽ കിഴക്കുംഭാഗം ഫഹദ് വില്ലയിൽ ഷാനവാസിന്റെയും ജെസിയയുടെയും മകളാണ് റാഹ. ഫഹദ് സമാൻ സഹോദരനും ഫിദാ ഫാത്തിമ സഹോദരിയുമാണ്. ഡോളർ കൈമാറുന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ അബ്ദുൽസലാം അദ്ധ്യക്ഷനായി. റാഹയുടെ മാതാവ് ജാസിയ, സീനിയർ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ്, ഷൈലജ ലത്തീഫ്, വൈസ് പ്രിൻസിപ്പൽ ആർ.സമീറ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.