കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ യുവാവ് മരണമടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമായി. ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി പ്രവർത്തകർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. ചികിത്സാ പിഴവുകൊണ്ട് പത്തുദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് ഇന്നലെ നടന്നത്. ശക്തമായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പോരുവഴി മലനട ലക്ഷ്മി ഭവനിൽ രാജേഷ് എന്ന യുവാവിന് സമയ ബന്ധിതമായി ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണമടഞ്ഞതെന്ന് ബന്ധുക്കൾ ആരോപിച്ചു. വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയ രോഗിയെ മറ്റെവിടേക്കെങ്കിലും റഫർ ചെയ്ത് അയക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നിയന നപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു. ഒരാഴ്ച മുമ്പ് പുലർച്ചെ പാമ്പുകടിയേറ്റ് ചികിത്സ തേടിയ യുവാവും ചികിത്സാ പിഴവ് കാരണം മരണമടഞ്ഞിരുന്നു. ഡി.എം.ഒ രാവിലെ ആശുപത്രിയിൽ എത്തി അന്വേഷണം നടത്താമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്നും ഉറപ്പു നൽകിയതിന്റെ അടിസ്ഥനത്തിൽ നേതാക്കൾ പ്രതിഷേധം അവസാനിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരായ സുജിത് നീലേശ്വരം, ഉമേഷ്, ഷിബു പുലമൺ, ഷാജഹാൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.