കൊല്ലം: വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതി. പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മാതൃകാ പദ്ധതിക്ക് തുടക്കമിട്ടത്. മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ജന്മ ഗ്രാമത്തിലെ 76 വയസ് പിന്നിടുന്ന വിദ്യാലയമാണ് സർക്കാർ വിദ്യാലയങ്ങളിൽപ്പോലും നടപ്പാക്കുന്നതിന് മുൻപായി വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിലും ഉച്ചഭക്ഷണ വിതരണം നടപ്പാക്കി ശ്രദ്ധ നേടിയത്. സിവിൽ, കൊമേഴ്സ് ബാച്ചുകളിലായി ഒന്നും രണ്ടും വർഷ കുട്ടികളാണ് ഇവിടെയുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ പൊതുവിദ്യാലയമെന്ന നിലയിൽ നേരത്തെ തന്നെ പദ്ധതി നടപ്പാക്കിവരികയാണ്. എന്നാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒട്ടുമിക്ക കുട്ടികളും ഉച്ചഭക്ഷണം കൊണ്ടുവരുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് അദ്ധ്യാപകർ മുൻകൈയെടുത്ത് അവർക്കുവേണ്ടിയും ഉച്ചഭക്ഷണം ഏർപ്പെടുത്തിയത്.
സദ്യയൊരുക്കി ആദ്യ ദിനം
പരിപ്പും പപ്പടവും പായസവുമടക്കം സദ്യയൊരുക്കിയാണ് 'അന്നമിത്രം' എന്ന് പേരിട്ട ഉച്ചഭക്ഷണ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മാനേജരും ജനപ്രതിനിധികളും അദ്ധ്യാപകരും രക്ഷകർത്താക്കളുമടക്കം വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് സദ്യയുണ്ടു. ഇനി എല്ലാ പ്രവർത്തി ദിനങ്ങളിലും ഉച്ചഭക്ഷണം തയ്യാറാക്കി വിളമ്പും. വാഴക്കൂമ്പും പയറും പാവലുമടക്കം നാടൻ ഉത്പന്നങ്ങൾ ഉപയോഗിച്ച് കറികൾ കൂടുതൽ രുചിവിഭവങ്ങളാക്കാനാണ് തീരുമാനം.
അദ്ധ്യാപകർ മനസുവച്ചു
സ്കൂൾ വളപ്പിൽ പ്രത്യേക അടുക്കളയൊരുക്കിയാണ് പാചകം. ആദ്യ ഘട്ടം അരിയും നാളീകേരവും പച്ചക്കറിയുമൊക്കെ സംഭാവന ലഭിച്ചു. തുടർന്ന് പദ്ധതി നടപ്പാക്കാനുള്ള തുക അദ്ധ്യാപകർ മാസ ശമ്പളത്തിൽ നിന്നും കണ്ടെത്തും. പാചക ജോലിക്കായി വേതനത്തോടെ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. .
സ്കൂൾ വളപ്പിൽ കൃഷി ചെയ്യും. ഇതിൽ നിന്നുള്ള ഉത്പന്നങ്ങളും ഉച്ചഭക്ഷണ പദ്ധതിക്കായി എടുക്കാം. തീർത്തും സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെയെത്തുന്നവരിൽ അധികവും. അതുകൊണ്ടുതന്നെ ചിലർ ഉച്ചഭക്ഷണം കൊണ്ടുവരാറില്ല. വിശന്നിരുന്നാൽ കുട്ടികൾക്ക് പഠിക്കാനാകില്ല. ഇത് മനസിലാക്കിയാണ് അദ്ധ്യാപകർ ഉച്ചഭക്ഷണ പദ്ധതി മുതിർന്ന കുട്ടികൾക്കുവേണ്ടി തുടങ്ങിയത്.
ഓമനാ ശ്രീറാം, സ്കൂൾ മാനേജർ