
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപിച്ച് പ്രതിഷേധം. പോരുവഴി മലനട ലക്ഷ്മി ഭവനിൽ രാജേഷാണ് (34) മരിച്ചത്. ഭാര്യവീടായ കൊട്ടാരക്കര അമ്പലപ്പുറം നെടുംപുറം കൊച്ചുപുര പുത്തൻ വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രാജേഷിനെ വ്യാഴ്ചാഴ്ച രാവിലെ ഏഴരയോടെയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ആദ്യ ഇ.സി.ജി പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയെങ്കിലും വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടു. പത്തരയോടെയാണ് രാജേഷ് മരിച്ചത്. വിദഗ്ദ്ധ ചികിത്സ കിട്ടാഞ്ഞതിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. നെഞ്ചുവേദനയുണ്ടായി പുളഞ്ഞിട്ടും വിദഗ്ദ്ധ ചികിത്സ നൽകാനോ മറ്റെവിടേക്കെങ്കിലും റഫർ ചെയ്യാനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി ആശുപത്രിയിലെത്തി. ഡി.എം.ഒ ചുമതലപ്പെടുത്തുന്ന സംഘം ഇന്ന് സ്ഥലത്തെത്തി അന്വേഷണം നടത്തും. മരപ്പണി തൊഴിലാളിയാണ് രാജേഷ്. ഭാര്യ: രാധിക. മക്കൾ: കാശിനാഥ്, കൈലാസ്.