കൊട്ടാരക്കര: കൊട്ടാരക്കരയിൽ കോൺഗ്രസ് നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ച കേസിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം ഉൾപ്പടെ പതിനൊന്ന് ഇടത് നേതാക്കളെ ജയിലിലടച്ചു. സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ എൻ.ബേബി, സി.പി.ഐ നേതാവായ ദീപു, ആർ.വൈ.എഫ് നേതാവായ ബിജു ഷംസുദ്ദീൻ, സി.പി.എം പ്രാദേശിക നേതാക്കളായ നിസാം, ശ്രീകുമാർ, ജയകുമാർ, നിസാം, അരുൺ, സന്തോഷ്, അരുൺദേവ്, ദിലീപ് തോമസ് എന്നിവരെയാണ് കൊട്ടാരക്കര സബ് കോടതി ജഡ്ജ് ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവിട്ടത്. പ്രതികൾ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലാണ്. മുൻ ഡി.സി.സി മെമ്പറും ഇപ്പോൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദിനേശ് മംഗലശേരിയെ ആക്രമിച്ച കേസിലാണ് കോടതി നിർദ്ദേശം. ചൊവ്വാഴ്ച കേസ് പരിഗണിച്ചെങ്കിലും രണ്ട് പ്രതികൾ ഹാജരായിരുന്നില്ല. വിധി പറയാനായി കേസ് 28 ലേക്ക് മാറ്റി. ഇതിനൊപ്പമാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവിട്ടത്. 2013 ജൂലായ് 12നാണ് കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിയായ കൊടിക്കുന്നിൽ സുരേഷിനും അഭിവാദ്യം അർപ്പിച്ച് കൊട്ടാരക്കരയിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തിനുനേർക്കാണ് അന്ന് ഇടത് മുന്നണി പ്രവർത്തകർ ആക്രമണം നടത്തിയത്. ദിനേശ് മംഗലശേരിയെ വളഞ്ഞിട്ട് മർദ്ദിച്ചു. മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ തല പൊട്ടിയതടക്കം സാരമായി പരിക്കേറ്റിരുന്നു. കേസിൽ സാക്ഷികളായിരുന്ന കോൺഗ്രസുകാർ പതിനൊന്നുപേർ പലപ്പോഴായി കൂറുമാറി. തുടർന്നും കേസ് നടത്തിവരികയായിരുന്നു.