കൊല്ലം: പന്മന ക്യാമ്പസിൽ 2024 ജൂലായിൽ ബി.എ വേദാന്തം, മലയാളം വിഷയങ്ങളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് കോഴ്‌സ് തീരുന്നതുവരെ പന്മന ക്യാമ്പസിൽ തന്നെ പഠിക്കാനുള്ള അവസരം നൽകണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. രണ്ട് മാസമായി പന്മന ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മറ്റ് സെന്ററിലേക്ക് മാറണമെന്ന് യൂണിവേഴ്‌സിറ്റി നിർദ്ദേശിച്ചിരിക്കുന്നു. മറ്റ് കോളേജുകളിൽ അഡ്മിഷൻ കിട്ടിയിട്ടും പ്രവേശനം നേടാതെ പന്മന ക്യാമ്പസിൽ പ്രവേശിച്ചത് വീടിനടുത്ത് എന്നുള്ള സൗകര്യം കൊണ്ടാണ്. വിദൂരങ്ങളിൽ പോയി പഠിക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നതാണ് നിലവിലെ തീരുമാനം. ക്യാമ്പസിൽ അഡ്മിഷൻ നൽകി രണ്ട് മാസത്തിന് ശേഷം വിദൂരങ്ങളിൽ പോയി പഠിക്കണമെന്ന സർവകലാശാലയുടെ നിർദ്ദേശം യുക്തിരഹിതമാണെന്നും എം.പി പറഞ്ഞു.