കൊല്ലം: പാലത്തറ എൻ.എസ് സഹ. ആശുപത്രിയിൽ, ജില്ലയിലെ ആദ്യ മദർ ആൻഡ് ചൈൽഡ് കെയർ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിക്ടോറിയ ആശുപത്രി കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രിയാണ് എൻ.എസ്. 40,000 ചതുരശ്രഅടി വിസ്തീർണത്തിൽ എല്ലാ ആധുനികവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള മദർ ആൻഡ് ചൈൽഡ് കെയർ ബ്ലോക്കിന് 'വാത്സല്യം' എന്നാണ് പേരിട്ടിരിക്കുന്നത്.
2006ൽ ആരംഭിച്ച എൻ.എസ് സഹകരണ ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആശുപത്രിയാണ്. സംഘം ഉടമസ്ഥതയിൽ എൻ.എസ് ആയുർവേദ ആശുപത്രി, എൻ.എസ് നഴ്‌സിംഗ് കോളേജ്, എൻ.എസ് പോസ്‌റ്റ് ഗ്രാജ്വേവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, അയത്തിൽ ജംഗ്ഷനിൽ ആധുനിക ഡയഗ്‌നോസ്റ്റിക്‌സ് സെന്റർ, ശൂരനാട്, പതാരം ജംഗ്ഷനിൽ എൻ.എസ് സഹകരണ ആശുപത്രി എന്നിങ്ങനെ ആറ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സംഘത്തിന്റെ രണ്ടാം ക്യാമ്പസായ എൻ.എസ് മെഡിലാൻഡിൽ നിർമ്മാണം പൂർത്തീകരിച്ച ജെറിയാട്രിക് സെന്റർ ഉടൻ ഉദ്ഘാടനം ചെയ്യും. ക്യാൻസർ സെന്റർ 2025 അവസാനം പ്രവർത്തനം ആരംഭിക്കത്തക്ക നിലയിൽ നിർമ്മാണം പുരോഗമിക്കുന്നു. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, സെക്രട്ടറി പി.ഷിബു, വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള, കെ.. ഓമനക്കുട്ടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.