കൊല്ലം: സ്വകാര്യ ബാങ്കിലെ നിക്ഷേപം തട്ടിയെടുത്തത് ചോദ്യം ചെയ്തതിന് ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ ശങ്കേഴ്സ് ആശുപത്രിക്ക് സമീപം കൈരളിനഗർ കുളിർമയിൽ സി.പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ജി.ഗോപകുമാറാണ് കേസ് പരിഗണിക്കുന്നത്.
കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ചേരിയിൽ എഫ്.എഫ്.ആർ.എ നഗർ 12 അനിമോൻ മൻസിലിൽ അനിമോൻ (44), കൊല്ലം ഈസ്റ്റ് ആശ്രാമം ചേരിയിൽ ശാസ്ത്രിനഗർ പോളച്ചിറ പടിഞ്ഞാറ്റതിൽ മാഹിൻ (45), തേവള്ളി ചേരിയിൽ ഓലയിൽ കാവിൽ വീട്ടിൽ സരിത (46) എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ എതിർത്തു. ബാങ്കിൽ 68 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതിന്റെ രേഖകൾ പ്രോസിക്യൂഷൻ സമർപ്പിച്ചു. ക്രമക്കേട് നടന്നതായി ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി മാനേജരായിരുന്ന സരിതയെ സസ്പെൻഡും ചെയ്തിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൂന്നാം പ്രതി സരിത, ഭർത്താവ്, കൊല്ലത്തെ ഒരു അഭിഭാഷകൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
സംഭവം കൊലപാതകം അല്ലെന്നും അപകട മരണമാണെന്നും ഒന്നും രണ്ടും പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. ബി.എൻ. ഹസ്ക്കർ വാദിച്ചു. മദ്യപിച്ചതിനാലും ലൈസൻസ് ഇല്ലാത്തതിനാലുമാണ് അപകട ശേഷം കാർ നിറുത്താതെ പോയത്. മരണ വിവരമറിഞ്ഞ് അടുത്ത ദിവസം കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ വാഹനം ഹാജരാക്കി ജാമ്യമെടുത്തു. കേസിലെ മൂന്നാം പ്രതിയായ സരിതയുമായി ആറുവർഷത്തെ പരിചയമുണ്ട്. നേരത്തെയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അനിമോന്റെ അക്കൗണ്ടിലേക്ക് സരിത പണം അയച്ചത്. പാപ്പച്ചനെ അനിമോന് അറിയില്ലെന്നും വാദിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ എന്ന നിലയിലാണ് രണ്ടാം പ്രതി മാഹിന് അനിമോനുമായി ബന്ധം. മറ്റു പ്രതികളെ അറസ്റ്റുവരെ മാഹിൻ കണ്ടിട്ടില്ലെന്നും വാദിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിനോ, കൊല്ലപ്പെട്ട പാപ്പച്ചന്റെ മക്കൾക്കോ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച പരാതികളില്ലെന്ന് സരിതയ്ക്കുവേണ്ടി ഹാജരായ അഡ്വ. നീണ്ടകര രമേശ് വാദിച്ചു. അഞ്ചാം പ്രതി ഹാഷിഫ് ജാമ്യത്തിലാണ്. സ്വകാര്യ ബാങ്കിലെ നിക്ഷേപം തിരിമറി നടത്തിയതിന് ചോദ്യം ചെയ്ത പാപ്പച്ചനെ മേയ് 23നാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. സരിതയുടെ ക്വട്ടേഷൻ പ്രകാരം അനിമോൻ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ പാപ്പച്ചന്റെ മകൾ റെയ്ച്ചൽ നല്കിയതോടെയാണ് കാറപകടം, കൊലപാതകമാണെന്ന് തെളിഞ്ഞത്.
അനൂപ് മാപ്പ് സാക്ഷിയായേക്കും
കേസ് കൂടുതൽ ശക്തമാക്കാൻ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന നാലാം പ്രതി അനൂപിനെ മാപ്പ് സാക്ഷിയാക്കാൻ അന്വേഷണ സംഘത്തിന് ആലോചനയുണ്ട്. സരിതയ്ക്കൊപ്പം പണം തട്ടിയതിലും കൊലപാതകത്തിന്റെ ആസൂത്രണത്തിലും പങ്കെടുത്തെന്ന കുറ്റം ചുമത്തിയിട്ടുള്ള അനൂപ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിച്ച ശേഷമാകും മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം.