കൊല്ലം: മദ്യലഹരിയിൽ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ പ്രാഥമിക വാദം കേട്ടു. കൂടുതൽ വാദത്തിനായി കേസ് 28ലേക്ക് മാറ്റി. ഇതേ ദിവസം കേസ് ഡയറി ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ശ്രീക്കുട്ടിക്കെതിരെ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കലും പ്രതിഭാഗത്തിനായി അഭിഭാഷകരായ സി.സജീന്ദ്രകുമാർ, ലിഞ്ജു.സി.ഈപ്പൻ, സിനി പ്രദീപ്, ആതിര കൃഷ്ണൻ, വിഷ്ണു പ്രിയ, ലക്ഷ്മി കൃഷ്ണ, ആര്യ കൃഷ്ണൻ എന്നിവരും ഹാജരായി. കഴിഞ്ഞ 15ന് വൈകിട്ട് അഞ്ചേമുക്കാലോടെ മൈനാഗപ്പള്ളി ആനൂർക്കാവിലായിരുന്നു സംഭവം. ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലാണ് (29) ഒന്നാം പ്രതി. അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.