
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം ഇന്ന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് അമൃതവർഷം 71 ആചരിക്കുന്നത്. ആഡംബര രഹിതമായി ജന്മദിനം ആഘോഷിക്കണമെന്ന അമ്മയുടെ നിർദ്ദേശം ഭക്തർ സ്വീകരിച്ചു.
കാളീക്ഷേത്രത്തിന് സമീപത്തടക്കം ഭക്തർക്ക് ചടങ്ങുകൾ വീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അമൃതപുരിയിലെ വിശാലമായ പ്രാർത്ഥനാ ഹാളിലാണ് പരിപാടികൾ നടക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് വയനാടിന് സാങ്കേതിക - പുനരധിവാസ സഹായമായി 15 കോടിയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ഗണപതി ഹോമത്തോടെ പിറന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ലളിതാസഹസ്ര നാമാർച്ചന. സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്സംഗത്തിനുശേഷം ഗുരുപാദപൂജ. അമ്മയുടെ ജന്മദിന സന്ദേശത്തിനുശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം. അമൃതകീർത്തി പുരസ്കാര സമർപ്പണം, സമൂഹവിവാഹം എന്നിവയും നടക്കും. മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ വിശ്വശാന്തി പ്രാർത്ഥന, ധ്യാനം, ഭജന എന്നിവയുമുണ്ടാകും. 101 വധൂവരന്മാരുടെ വിവാഹമാണ് അമ്മയുടെ അനുഗ്രഹത്തോടെ നടക്കുക. പാദുക പൂജയിൽ ആശ്രമത്തിലെ സന്ന്യാസി ശ്രേഷ്ഠർ പങ്കെടുക്കും.
ലോകത്തെ എല്ലാ ആശ്രമങ്ങളും മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അമൃതപുരിയിൽ നടക്കുന്ന ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ തത്സമയം കാണാനാവും. ഇക്കുറി ആഘോഷങ്ങൾ ഇല്ലാത്തതിനാൽ ഭക്തർ മുൻകൂട്ടിയെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി. അമൃതപുരിയും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. വള്ളിക്കാവ് ജംഗ്ഷൻ മുതൽ അമൃതപുരിവരെയും പറയകടവിലും പൊലീസ് കാവൽ ശക്തമാക്കി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലെ ലോഡ്ജുകൾ, ടി.എസ് കനാൽ എന്നിവിടങ്ങളെല്ലാം പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണ്.