ഓച്ചിറ: തീരദേശ പരിപാലന നിയമത്തിൽ നൽകിയ ഇളവുകൾ ആശ്വാസകരമാണെങ്കിലും ഇതിൽ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ.സി.വേണുഗോപാൽ എം.പി. കേന്ദ്രസർക്കാർ അംഗീകരിച്ച തീരദേശ നിയന്ത്രണ നിയമത്തിലും തീരദേശപരിപാലന പദ്ധതിയിലും ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല. 2011-ലെ തീരദേശ നിയന്ത്രണനിയമം പരിഷ്കരിച്ചു നടപ്പാക്കുന്ന പുതിയ നിയമത്തിലെ പല നിർദേശങ്ങളും തീരദേശ വാസികൾക്ക് ദോഷകരമാണ്. ഇവർക്ക് ഗുണകരമായി രീതിയിൽ മാറ്റംവരുത്താൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ നടപടി സ്വീകരിക്കണം.

ഇളവു ലഭിക്കുന്ന പട്ടികയിൽ ഉണ്ടായിരുന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് എന്നീ സ്ഥലങ്ങൾ ധാതുമണൽ നിക്ഷേപമുള്ള പഞ്ചായത്തുകൾ എന്ന നിലയിൽ ഒഴിവാക്കുന്നത് പ്രതിഷേധാ‌ർഹമാണ്. സംസ്ഥാന സർക്കാർ സമർപ്പിച്ച 175 പഞ്ചായത്തുകളിൽ ഇനി ഇളവ് ലഭിക്കാനുള്ള 111 പഞ്ചായത്തുകളെക്കൂടി സി.ആർ.സെഡ് 2 കാറ്റഗറിയിലേക്ക് മാറ്റാനുള്ള
നടപടി കേന്ദ്രസർക്കാർ നടത്തണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.