ചടയമംഗലം: പിക്ക് അപ്പ് വാനിൽ കടത്തുകയായിരുന്ന 475 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒന്നോടെ നിലമേൽ ജംഗ്‌ഷനിലായിരുന്നു സംഭവം. ചടയമംഗലം റേഞ്ച് ഇൻസ്‌പെക്‌ടർ എ.കെ.രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പാൻ മസാല പിടിച്ചെടുത്തത്. പൊന്നാനി സ്വദേശി മൻസൂറിനെ അറസ്‌റ്റ് ചെയ്‌തു. വിപണയിൽ അഞ്ചര ലക്ഷത്തിന്റെ മൂല്യമുള്ളതാണ് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ. ബംഗളൂരുവിൽ നിന്നുള്ള ലോഡ് തമിഴ്‌നാട്ടിലേക്ക് മറ്റ് വാഹനങ്ങളിൽ കടത്തിവിടുകയായിരുന്നു ലക്ഷ്യം. കേരളത്തിൽ നിലവിലുള്ള നിരോധനം അടുത്തിടെ തമിഴ്‌നാട്ടിലും ഏർപ്പെടുത്തിയതോടെയാണ് കേരള അതിർത്തിയിലെ ഊടുവഴികളിലൂടെ കടത്ത് തുടങ്ങിയത്. പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്‌സൈസ് ഓഫീസർ എ.സബീർ, ഷൈജു, ബിൻസാഗർ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.