d

കൊല്ലം: മൺറോത്തുരുത്ത് കിടപ്പുറം തെക്ക് കൊന്നയിൽക്കടവ് പാലത്തിന് സമീപം കൊന്നയിൽ തോട്ടിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചവറ തേവലക്കര പടിഞ്ഞാറ്റേക്കര ചക്കന്റയ്യത്ത് വടക്കതിൽ വീട്ടിൽ നൗഷാദ്- നദീറ ദമ്പതികളുടെ മകൻ നജ്മലാണ് (21) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. നജ്മലും മൂന്ന് സുഹൃത്തുക്കളും തോടിന് കുറുകെ നീന്തി തിരികെ വരുമ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുണ്ടറയിൽ നിന്ന് ഫയർഫോഴ്സും സ്കൂബാ സംഘവുമെത്തി നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 2.15 ഓടെ മൃതദേഹം കണ്ടെത്തി.

തേവലക്കരയിലുള്ള എട്ട് സുഹൃത്തുക്കളുമായി നജ്മൽ ബുധനാഴ്ചയാണ് മൺറോത്തുരുത്തിലെത്തിയത്. കിടപ്പുറം തെക്കുള്ള ഹോം സ്റ്റേയിൽ തങ്ങിയ സംഘം കല്ലടയാറിന്റെ കൈവഴിയായ കൊന്നയിൽ തോട്ടിൽ കുളിക്കാൻ എത്തിയതായിരുന്നു. നജ്മൽ തിരുവനന്തപുരത്ത് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് വിദ്യാർത്ഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരി: നൈഷാന.