കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മാണത്തിന് വാങ്ങാൻ ലക്ഷ്യമിടുന്ന കൊല്ലം മുണ്ടയ്ക്കലെ ഭൂമിയുടെ പുതിയ വിലനിർണയ റിപ്പോർട്ട് എൽ.എ ഡെപ്യൂട്ടി കളക്ടർ, കളക്ടർക്ക് കൈമാറി. എൽ.എ ഡെപ്യൂട്ടി കളക്ടർക്ക് പുറമേ വിലനിർണയത്തിന് കളക്ടർ പുതുതായി ചുമതലപ്പെടുത്തിയ എൽ.എ വൺ സ്പെഷ്യൽ തഹസിൽദാരും ചേർന്നാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ നിശ്ചയിച്ചിരിക്കുന്ന വില പുറത്തുവിട്ടിട്ടില്ല.
വാങ്ങാൻ ലക്ഷ്യമിടുന്ന മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്ഥലം ഡെപ്യൂട്ടി കളക്ടറും സ്പെഷ്യൽ തഹസിൽദാരും സന്ദർശിച്ചിരുന്നു. നേരത്തെ വില്ലേജ് ഓഫീസറും തഹസിൽദാരും പരിശോധിച്ചതിനേക്കാൾ കൂടുതൽ പ്രമാണങ്ങൾ വില നിർണയത്തിനായി പുതിയ സംഘം പരിശോധിച്ചിട്ടുണ്ട്. വാങ്ങാൻ ലക്ഷ്യമിടുന്ന ഭൂമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നടന്ന സമാനമായ പ്രമാണങ്ങളാണ് വില നിർണയത്തിന് പരിഗണിച്ചത്. എൽ.എ ഡെപ്യൂട്ടി കളക്ടർ, എൽ.എ വൺ സ്പെഷ്യൽ തഹസിൽദാർ, മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ, കൊല്ലം തഹസിൽദാർ എന്നിവരുടെ യോഗം വിളിച്ച് കളക്ടർ പുതിയ വിലനിർണയ റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം തുടർനടപടി തീരുമാനിക്കും. പുതുതായി നിശ്ചയിച്ചിരിക്കുന്ന വിലയിൽ നിയമപ്രകാരം നൽകാവുന്ന വർദ്ധനവ് കൂടി വാഗ്ദാനം ചെയ്ത് ഉടമയുമായി വിലപേശി വില അന്തിമമാക്കാനാണ് ആലോചന.
അവസാന വാക്ക് സർക്കാരിന്റേത്
 വില്ലേജ് ഓഫീസർ നിർണയിച്ചത് സെന്റിന് 2.25 ലക്ഷം
 തഹസിൽദാരും സമാനമായ റിപ്പോർട്ട് ആവർത്തിച്ചു
 2019ൽ കോർപ്പറേഷൻ ഭൂമി ഏറ്റെടുക്കാൻ അലോചിച്ചു
 അന്ന് തഹസിൽദാർ സെന്റിന് 3.5 ലക്ഷം നിശ്ചയിച്ചു
 എൽ.എ ഡെപ്യൂട്ടി കളക്ടർ കൂടുതൽ പ്രമാണങ്ങൾ പരിശോധിച്ചു
 കളക്ടർ വില നിർണയ റിപ്പോർട്ട് സർക്കാരിന് നൽകും
 സർക്കാർ നിർദ്ദേശിക്കുന്ന വിലയ്ക്ക് യൂണിവേഴ്സിറ്റി ഭൂമി വാങ്ങും
സർക്കാർ അനുവദിച്ചത്
₹ 35 കോടി
വില നിർണയിക്കുന്നതിൽ സർവകലാശാലയ്ക്ക് പങ്കില്ല. എത്രയും വേഗം വിലനിർണയിച്ച് നൽകണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. വി.പി.ജഗതിരാജ്, വി.സി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി