കൊല്ലം: നിർമ്മാണം ഏറെ മുന്നോട്ട് പോയിട്ടും ഒന്നര വർഷമായി നയാപൈസ കിട്ടാത്തതിനാൽ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം കരാർ കമ്പനി ഈമാസം അവസാനത്തോടെ നിറുത്താനൊരുങ്ങുന്നു. 4.5 കോടിയുടെ ബില്ലുകളാണ് മാറിക്കിട്ടാനുള്ളത്. ഇതിന് പുറമേ ഇപ്പോൾ തയ്യാറായിരിക്കുന്ന 1.5 കോടിയുടെ ബില്ല് കൂടിയാകുമ്പോൾ ആകെ നൽകാനുള്ള തുക 6 കോടിയാകും.
കരാർ കമ്പനി അധികൃതർ നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയുമായി നടത്തിയ ചർച്ചകളിൽ കുടിശിക ഉടൻ നൽകുമെന്ന് പലതവണ പറഞ്ഞെങ്കിലും നടപ്പായില്ല. ഇതിന് പുറമേ കരാർ കാലാവധി പുതുക്കി ലഭിക്കാതെയാണ് നിർമ്മാണം മുന്നോട്ടുപോകുന്നത്. നാലാമത് നീട്ടിനൽകിയ കരാർ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. ഒന്നര വർഷം കൂടി കാലാവധി നീട്ടി നൽകണമെന്നാണ് കരാർ കമ്പനിയുടെ ആവശ്യം. കാലാവധി നീട്ടാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ഒരു വർഷം കൂടി അനുവദിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ ധാരണയായെയെങ്കിലും കരാർ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടില്ല.
പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്ലാബുകൾ റോപ്പ് ഉപയോഗിച്ച് താങ്ങിനിറുത്താനുള്ള രണ്ട് പൈലോണുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇതിന് ശേഷം മദ്ധ്യഭാഗത്തെ മൂന്ന് സ്ലാബുകളുടെ നിർമ്മാണമാണ് നടക്കേണ്ടത്. ഒരു ഗാന്ററി ക്രെയിനും ഷട്ടറും മാത്രം ഉപയോഗിച്ചാൽ സ്ലാബുകൾ പൂർത്തിയാകാൻ രണ്ട് വർഷമെടുക്കും. രണ്ട് സെറ്റ് ഗാന്ററി ക്രെയിനും ഷട്ടറും എത്തിച്ചാൽ വേഗത്തിൽ പൂർത്തിയാക്കാമെങ്കിലും കുടിശിക ലഭിക്കാതെ നടക്കില്ലെന്ന് കരാർ കമ്പനി അധികൃതർ പറയുന്നു.
കരാർ കുടിശ്ശിക 4.5 കോടി
കരാർ കുടിശിക 4.5 കോടി പിന്നിട്ടു
നിർമ്മാണം 70 ശതമാനമായി
നാലാമത് നീട്ടിനൽകിയ കാലാവധി അവസാനിച്ചത് 2024 മാർച്ചിൽ
നിർമ്മാണം നീളാൻ കാരണം ഡിസൈനിലെ തർക്കം
കരാർ കാലാവധി നീട്ടിനൽകാൻ സർക്കാർ തീരുമാനം
കരാർ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നര വർഷം
രേഖാമൂലം ധാരണാപത്രം ഒപ്പിട്ടില്ല
കരാർ കാലാവധി ഉടൻ പുതുക്കി നിശ്ചയിക്കും. ഇതിന് പിന്നാലെ കുടിശ്ശിക തുകയുടെ ഒരുഭാഗം നൽകും.
കെ.ആർ.എഫ്.ബി അധികൃതർ