
കൊല്ലം: കുരീപ്പുഴ പാലമൂട് നഗറിലെ റോഡ് (ചെല്ലന്റെ വഴി) മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ബൈപ്പാസിൽ ധന്യ സൂപ്പർമാർക്കറ്റിന് സമീപം വലതുവശത്തെ ഈ വഴിയിൽ കൂടിയാണ് ഭൂരിഭാഗം പേരും നീരാവിൽ ജംഗ്ഷനിലേക്ക് പോകുന്നത്.
റോഡിന്റെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. പല കുഴികളും ഗർത്തങ്ങളായി. റോഡിനിരുവശത്തും നിരവധി വീടുകളുമുണ്ട്. റോഡ് തകർന്നുകിടക്കുന്നതിനാൽ, പ്രായമായവർക്കും കുട്ടികൾക്കും ഇതുവഴി കാൽനട യാത്രപോലും ദുഷ്കരമാണ്. നടന്നുപോകുന്ന കുട്ടികൾ കാൽ തെറ്റി കുഴികളിൽ വീണ സംഭവങ്ങളുമുണ്ട്. ദിവസവും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞ് തോടുപോലെയായി. കുഴികൾ തിരിച്ചറിയാതെ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടാറുണ്ട്. ഇതുവഴി സ്ഥിരം കടന്നുപോകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണിയും പതിവായിരിക്കുകയാണ്.
കെട്ടിക്കിടക്കുന്നത് മലിനജലം
റോഡിന്റെ പലഭാഗത്തും ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലുമായി മാലിന്യം നിക്ഷേപിക്കാറുണ്ട്. മഴസമയത്ത് മാലിന്യം അഴുകി പരിസരമാകെ ദുർഗന്ധം നിറയും. കൂടാതെ മലിനജലം റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തും. ഹോട്ടലുകളിൽ നിന്നുള്ള മാലിന്യവുമുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ, കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയവയും ഇവിടെ തള്ളുന്നുണ്ട്. കോർപ്പറേഷൻ അധികൃതർ ഇടയ്ക്കിടെ മാലിന്യം നീക്കം ചെയ്യുമെങ്കിലും വീണ്ടും ഇതുതന്നെ അവസ്ഥ.
ഈ റോഡിലൂടെയുള്ള യാത്ര വലിയ ദരിതമാണ്. മഴയത്താണ് കൂടുതൽ ബുദ്ധിമുട്ട്. പുതിയ പ്രോജക്ടിൽ ഉൾപ്പെടുത്തിയ ശേഷമേ റോഡിന്റെ നവീകരണം സാധിക്കുകയുള്ളൂ
ഗിരിജ തുളസി, കൗൺസിലർ, കുരീപ്പുഴ ഡിവിഷൻ