കൊട്ടാരക്കര: പുലമൺ തോട്ടിൽ സർവ്വത്ര മാലിന്യം. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. ടൂറിസം വകുപ്പിന്റെ കീഴിലുള്ള മീൻപിടിപ്പാറയ്ക്ക് സമീപത്തുനിന്നാണ് പുലമൺ തോടിന്റെ തുടക്കം. പട്ടണത്തിന്റെ ഓരത്തെത്തുമ്പോഴേക്കും തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്തുകയാണ്. പല വ്യാപാര സ്ഥാപനങ്ങളുടെയും മാലിന്യവും സെപ്ടിക് ടാങ്ക് മാലിന്യവും തോട്ടിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഇതിന് പുറമെയാണ് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത്. ഏത് തരത്തിലായാലും തോട്ടിൽ മാലിന്യം നിറഞ്ഞ് പുഴുനുരയ്ക്കുന്നു. കുറ്റിക്കാടുകൾ വളർന്ന് മൺതിട്ടകൾ രൂപപ്പെട്ടതിനാൽ നീരൊഴുക്ക് കുറഞ്ഞു. ഇവിടെയാണ് വെള്ളവും മാലിന്യവും കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്നത്.

ആദ്യം ശുചീകരണം, പിന്നെ നവീകരണം

പുലമൺ തോട് ശുചിയാക്കി നവീകരിക്കുകയാണ് ആദ്യ ലക്ഷ്യം. സൗന്ദര്യവത്കരണവും അനുബന്ധ പ്രവ‌ർത്തനങ്ങളുമുണ്ടാകും. ശുദ്ധജലം ഒഴുകാൻ സംവിധാനമൊരുക്കും. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണ് കൊട്ടാരക്കരയിൽ നടക്കുന്നത്. കെ.എൻ.ബാലഗോപാൽ, മന്ത്രി

പുലമൺ തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഇന്ന് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളിയാകണം. എസ്.ആർ.രമേശ്, നഗരസഭ ചെയർമാൻ