കൊല്ലം: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ ശക്തികുളങ്ങര ഹാർബറിലെ തൊഴിലാളിക്ക് കുത്തേറ്റു. കാവനാട് കഴക്കൂട്ടത്ത് പടിഞ്ഞാറ്റിടത്ത് പ്രദീപിനാണ് (47) കുത്തേറ്റത്. മറ്റൊരു തൊഴിലാളിയായ സുധിയാണ് കുത്തിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു സംഭവം. ഇരുവരും ഹാർബറിലിരുന്ന് മദ്യപിക്കുകയായിരുന്നു. തർക്കത്തിനിടെ കൈയിലുണ്ടായിരുന്ന കത്തിക്ക് കുത്തുകയായിരുന്നുവെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു. സംഭവശേഷം സുധി രക്ഷപ്പെട്ടു. ബോധരഹിതനായി കിടന്ന പ്രദീപിനെ ജീവകാരുണ്യപ്രവർത്തകനായ ഗണേഷാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കൈയ്ക്കുമാണ് കുത്തേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പ്രദീപ്. സുധിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.