photo
നിർമ്മാണം അനന്തമായി നീളുന്ന അഴീക്കൽ ഗവ: ഹൈസ്കൂളിലെ ബഹുനില മന്ദിരം.

കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂളിലെ ഇരുനില മന്ദിരത്തിന്റെ നിർമ്മാണം രണ്ട് വർഷം മുമ്പ് ആരംഭിച്ചെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല. സ്കൂളിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കരുനാഗപ്പള്ളിയുടെ മുൻ എം.എൽ.എ ആയിരുന്ന ആർ.രാമചന്ദ്രന്റെ നിരന്തര ശ്രമഫലമായാണ് കെട്ടിടത്തിന് 1 കോടി രൂപാ ബഡ്ജറ്റിൽ വകയിരുത്തിയത്. ആറ് ക്ലാസ് മുറികളുള്ള രണ്ട് നില മന്ദിരത്തിന്റെ പ്ലാൻ സർക്കാർ തയ്യാറാക്കി നിർമ്മാണത്തിനുള്ള അംഗീകാരവും നൽകി . രണ്ട് വർഷത്തിന് മുമ്പ് സി.ആർ.മഹേഷ് എം.എൽ.എ കെട്ടിടത്തിന്റെ ശിലസ്ഥാപനവും നടത്തി. ബഹു നില മന്ദിരത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയായി. രണ്ടാമത്തെ നിലയുടെ നിർമ്മാണമാണ് അനന്തമായി നീളുന്നത്.

1 കോടിയുടെ ഹൈടെക് കെട്ടിടം

10 ലക്ഷത്തോളം രൂപ ആവശ്യം

അനുവദിച്ച ഫണ്ട് തീർന്നു, കരാറുകാരൻ പണി നിറുത്തി

രണ്ടാമത്തെ നിലയിൽ ടയിൽസിടലും വയറിംഗും തീർന്നാൽ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകും. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി 10 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് പി.ടി.എ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. നിലവിൽ അനുവദിച്ച ഫണ്ട് തീർന്നതോടെ കരാറുകാരൻ പണി നിറുത്തി വെച്ചു. കൂടുതൽ ഫണ്ടിനായി എം.എൽ.എ ഉൾപ്പെടെയുള്ളവരെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.

ചോ‌ർന്നൊലിക്കുന്ന കെട്ടിടത്തിൽ

സുനാമി ദുരന്തത്തിന് ശേഷം ജപ്പാനിലെ ഒയാസ്കാ എന്ന സംഘടന നിർമ്മിച്ച് നൽകിയ കെട്ടിടത്തിലാണ് നിലവിൽ ആറ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കെട്ടിടം മഴയത്ത് ചോർന്നൊലിക്കുന്നു. മഴക്കാലത്ത് കുട്ടികളെ ഓഡിറ്റോറിയത്തിൽ ഇരുത്തിയാണ് പഠിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ ഏറെയും പഠിക്കുന്നത്. എൽ.കെ.ജി മുതൽ 10-ം ക്ലാസ് വരെ 350 ഓളം കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞ 12 വർഷമായി തുടർച്ചയായി നൂറ് ശതമാനം വിജയം ലഭിക്കുന്ന സ്കൂളാണിത്

കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ നിർമ്മാണം ചെറിയ ഫണ്ടിന്റെ അപര്യാപ്തതയിൽ മുടങ്ങി കിടക്കുകയാണ്. സർക്കാർ ഫണ്ട് അനുവദിച്ചാൽ കെട്ടിടത്തിന്റെ നിർമ്മാണം ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും.

പി.ടി.എ കമ്മിറ്റി