കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യം പിടികൂടിയ മൂന്നുപേരെ പ്രതികളായുള്ളുവെന്ന തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ആറ് വയസുകാരിയുടെ പിതാവ് അന്വേഷണ സംഘത്തിനും കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിക്കും നൽകിയ മൊഴികൾ സഹിതമുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസ്, ജില്ലാ അഡീഷണൽ സെഷൻസ് കോടതിക്കാണ് സമർപ്പിച്ചത്.
തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ നാലുപേരുണ്ടായിരുന്നുവെന്നും നാലാമത്തെയാളെക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്നും ആറ് വയസുകാരിയുടെ പിതാവ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാലുപേർ ഉണ്ടായിരുന്നില്ലേയെന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മകൻ അങ്ങനെയാണ് പറഞ്ഞുവെന്നായിരുന്നു തന്റെ മറുപടിയെന്ന് കുട്ടിയുടെ പിതാവ് അന്വേഷണ സംഘത്തിനും കോടതിക്കും ഒരു പോലെ മൊഴി നൽകി.
എന്നാൽ പ്രതികളോടൊപ്പം മണിക്കൂറുകൾ ഉണ്ടായിരുന്ന മകൾ മൂന്നുപേരേ ഉണ്ടായിരുന്നുള്ളുവെന്നാണ് പറഞ്ഞത്. അന്വേഷണത്തിലോ പ്രതികളുടെ എണ്ണത്തിലോ സംശയമില്ല. ഫോണിലൂടെ സംസാരിച്ചതിന്റെ ചില ഭാഗങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും കുട്ടിയുടെ പിതാവ് മൊഴി നൽകി.
കുട്ടിയുടെ പിതാവിന്റെ പ്രചരിപ്പിക്കപ്പെട്ട സംഭാഷണം വസ്തുതാപരമല്ലെന്നും തുടരന്വേഷണത്തിൽ ആദ്യം ഹാജരാക്കിയ കുറ്റപത്രത്തിൽ നിന്ന് അധികമായി വസ്തുതകളൊന്നും വെളിവായിട്ടില്ലെന്നും ഡിവൈ.എസ്.പി എം.എം.ജോസ് കോടതിയെ അറിയിച്ചു. അധികമായി രേഖപ്പെടുത്തിയ മൊഴികൾ റിപ്പോർട്ടിനൊപ്പം ഹാജരാക്കി. റിപ്പോർട്ട് പരിഗണിച്ച കോടതി കേസിൽ വിചാരണയ്ക്കുള്ള കുറ്റപത്രം തയ്യാറാക്കാനുള്ള പ്രോസിക്യൂഷന്റെ പ്രാഥമികവാദം കേൾക്കാനായി ഒക്ടോബർ 11ലേക്ക് മാറ്റി.