കരുനാഗപള്ളി: മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനമായ ഇന്നലെ അമ്മയെ ദർശിക്കാൻ പതിനായിരങ്ങളാണ് അമൃതപുരിയിലെത്തിയത്. അമ്മയുടെ തണൽതേടി എത്തിയവരിലേറെയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരായിരുന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ലായിരുന്നെങ്കിലും ജന്മദിനത്തിന് തലേന്ന് തന്നെ ഭക്തർ ആശ്രമത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രധാന പ്രാർത്ഥനാ ഹാളിലാണ് ജന്മദിന ചടങ്ങുകൾ നടന്നത്. വേദിയിലേക്ക് പൂഞ്ചിരിയോടെ കടന്നെത്തിയ മാതാ അമൃതാനന്ദമയിയെ എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പിയാണ് ഭക്തർ വരവേറ്റത്. വാദ്യമേളങ്ങൾ അകമ്പടി സേവിച്ചു.

ആശ്രമത്തിലെ സന്യാസി-സന്യാസിനിമാർ, അന്തേവാസികൾ, ഭക്തർ എന്നിവർ അമ്മയോടൊപ്പം ഭജന ചൊല്ലിയും മന്ത്രങ്ങൾ ഉരുവിട്ടും ധ്യാനിച്ചും അമൃതപുരിയെ ഭക്തിയുടെ കൊടുമുടിയിലെത്തിച്ചു. സന്ദേശവും വിശ്വശാന്തി പ്രാർത്ഥനയും വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തിയിരുന്നു. പ്രാർത്ഥനാ ഹാളിലും പുറത്തുമായി ചടങ്ങുകൾ വീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

തന്നെ തേടിയെത്തിയ മക്കളുടെ സങ്കടങ്ങൾ കേട്ട് അവരെ കെട്ടിപ്പിടിച്ച് അമ്മ ആശ്വസിപ്പിച്ചു. അവരുടെ സ്നേഹോപഹാരങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു. അമൃതപുരിയിലെത്തിയ മുഴുവൻ പേർക്കും മൂന്ന് നേരത്തേക്കുമുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിലെ പാചകപ്പുരയിലാണ് ഭക്ഷണം തയ്യാറാക്കിയത്. പൊലീസ്, ആരോഗ്യവിദഗ്ദ്ധർ, മറ്റ് അവശ്യ സർവീസുകളുടെ സേവനവും ഒരുക്കിയിരുന്നു. ശുദ്ധജലം, ലഘുഭക്ഷണം, അമ്മയുടെ പുസ്തകങ്ങൾ എന്നിവയുടെ വിതരണവും നടന്നു.

ജന്മദിനാശംസകൾ നേർന്ന്

ഡോ. സി.വി.ആനന്ദബോസ്

മാതാ അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ്. കൊൽക്കത്ത രാജ്ഭവൻ പ്രതിനിധികൾ ആശ്രമത്തിലെത്തി അമ്മയ്ക്ക് ജന്മദിനോപഹാരം സമ്മാനിച്ചു.