പുത്തൂർ: പുത്തൂരിൽ ഹൈടെക് മാർക്കറ്റ് ഉദ്ഘാടനം ചെയ്തിട്ട് ഒരു മാസം തികഞ്ഞില്ല, അപ്പോഴേക്ക് പരിസരം വൃത്തിഹീനമായി. മാലിന്യ പ്ളാന്റിന് മുന്നിൽത്തന്നെ മാലിന്യം കുന്നുകൂടി. കിഫ്ബി സഹായത്തോടെ 2.84 കോടി രൂപ മുടക്കിയാണ് മത്സ്യമാർക്കറ്റ് നിർമ്മിച്ചത്. തീരദേശ വികസന കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. ആഗസ്റ്റ് 30ന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനവും നടത്തി.
കുളക്കട ഗ്രാമപഞ്ചായത്ത് ഇടപെടണം
മത്സ്യവും പച്ചക്കറിയുമടക്കം വില്പന സ്റ്റാളുകൾ തുടങ്ങി, മാർക്കറ്റ് സജീവമാണ്. മത്സ്യ വില്പന ഇടങ്ങളിലെ മലിന ജലവും മറ്റ് മാലിന്യങ്ങളുമൊക്കെ സംസ്കരിക്കാൻ പ്ളാന്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രവർത്തിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മാർക്കറ്റ് കെട്ടിടത്തിനുള്ളിൽ ദുർഗന്ധമില്ല. എന്നാൽ കെട്ടിടത്തിന് പുറത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പ്ളാസ്റ്റിക്കും പൊട്ടിച്ച കുപ്പികളും മറ്റ് മാലിന്യങ്ങളുമെല്ലാം മാലിന്യ പ്ളാന്റിന് സമീപത്തായി കൂട്ടിയിട്ടിരിക്കുകയാണ്. വശങ്ങളിലെല്ലാം മാലിന്യമാണ്. കുളക്കട ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലാണ് ചന്ത പ്രവർത്തിക്കുന്നത്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പഞ്ചായത്ത് താത്പര്യമെടുത്തിട്ടില്ല.
കടമുറികൾ അടഞ്ഞുതന്നെ
5700 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിച്ചത്. പത്ത് കടമുറികൾ നിർമ്മിച്ചത് ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ലേലവും മറ്റ് നടപടി ക്രമങ്ങളുമൊക്കെ പൂർത്തിയാക്കാൻ പഞ്ചായത്ത് തീരെ താത്പര്യമെടുക്കുന്നില്ല.
അത്യാധുനിക സംവിധാനങ്ങളോടെ പുത്തൂർ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തിട്ട് ഒരു മാസമെത്തുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ വലിയ താത്പര്യമെടുത്താണ് വളരെവേഗം മാർക്കറ്റ് സമുച്ചയം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. അതിന്റെ പരിസരത്ത് മാലിന്യം നിറയാൻ അനുവദിച്ചുകൂട. അടിയന്തര നടപടി സ്വീകരിക്കണം.
ജി.മുരുകദാസൻ നായർ, പൊതുപ്രവർത്തകൻ