ഓച്ചിറ: കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അംഗീകരിച്ച തീരദേശ നിയന്ത്രണ നിയമ ഭേദഗതി ആലപ്പാട് ഗ്രാമപഞ്ചായത്തിനെ നിരാശയിലാക്കി. 2011ലെ തീരദേശ നിയന്ത്രണ നിയമം പരിഷ്കരിച്ചുകൊണ്ടു നടപ്പാക്കുന്ന പുതിയ നിയമത്തിലെ പല നിർദ്ദേശങ്ങളും തീരദേശ വാസികൾക്ക് ദോഷകരമാണ്. കേരളത്തിലെ 10 തീരദേശ ജില്ലകളിലെ 245 പഞ്ചായത്തുകളിൽ 64 പഞ്ചായത്തുകളിൽ അധിവസിക്കുന്നവർക്ക് മാത്രമാണ് ഈ ഭേദഗതി പ്രയോജനമാകുന്നത്.
നഗരവത്കൃത പഞ്ചായത്ത്
കേരളത്തിലെ നഗര സ്വഭാവത്തിലുള്ള 175 പഞ്ചായത്തുകളുടെ മാപ്പ് തയ്യാറാക്കി കൊടുത്തതിൽ കേവലം 66 പഞ്ചായത്തുകളെ മാത്രമാണ് കേന്ദ്ര സർക്കാർ സി.ആർ.ഇസഡ് 2ൽ ഉൾപ്പെടുത്തി ഉത്തരവ് ഇറക്കിയത്. ആലപ്പാട് ഗ്രാമപഞ്ചായത്തിനെ സോൺ രണ്ടിൽ ഉൾപ്പെടുത്താത്ത കേന്ദ്ര സർക്കാർ നടപടി പുനഃപരിശോധിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിൽ ആലപ്പാട്ടെ ജനങ്ങളെ അണിനിരത്തി കൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
ഷിബു പഴനിക്കുട്ടി,
ജനറൽ സെക്രട്ടറി എസ്. ബിനു
സംസ്ഥാന തീരപരിപാലന അതോറിട്ടി ആലപ്പാട് ഗ്രാമപഞ്ചായത്തിനെ സി.ആർ.ഇസഡ് 2ൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. പുതിയ ഭേദഗതിയിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ സോൺ രണ്ടിൽ ഉൾപ്പെടുത്താത്തത് തികച്ചും പ്രതിഷേധാർഹമാണ്. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ രാഷ്ട്രീയത്തിനതീതമായി ബഹുജനങ്ങളെ ഉൾക്കൊള്ളിച്ചുള്ള ജനകീയ പ്രക്ഷോഭം ഉടൻ ആരംഭിക്കും.യു.ഉല്ലാസ്,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പാട്