
കൊല്ലം: പി.വി.അൻവർ രാഷ്ട്രീയ ശത്രുക്കളുടെ കൈയിലെ ചട്ടുകമായി മാറി ഇടതുപക്ഷ മുന്നണിയെ തകർക്കാൻ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്ന് മന്ത്രി വി.എൻ.വാസവൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
സൂര്യപ്രകാശത്തെ പഴമുറം കൊണ്ട് മറയ്ക്കാൻ പറ്റുമോ?. ചന്ദ്രൻ ഉദിച്ചുയരുമ്പോൾ നടവരമ്പത്ത് ഇരിക്കുന്ന ക്ഷുദ്രജീവികൾ ചിലയ്ക്കാറുണ്ട്. അതുപോലെയുള്ള ചിലപ്പാണ് അൻവറിന്റേത്. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് അൻവർ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിരുന്ന് എം.എൽ.എ സ്ഥാനം നേടി ദുരുപയോഗം ചെയ്തിരിക്കുകയാണ്. പിണറായി വിജയനെ കരിതേച്ച് കാണിക്കാമെന്ന് വ്യാമോഹിക്കേണ്ട. അദ്ദേഹത്തെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ല. മുഹമ്മദ് റിയാസ് ഇന്നലെ പെയ്ത മഴയത്ത് കുരുത്ത തകരയല്ലെന്നും വി.എൻ.വാസവൻ പറഞ്ഞു.