കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ തള്ളി.
കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ചേരിയിൽ എഫ്.എഫ്.ആർ.എ നഗർ 12ൽ അനിമോൻ മൻസിലിൽ അനിമോൻ (44), കൊല്ലം ഈസ്റ്റ് ആശ്രാമം ചേരിയിൽ ശാസ്ത്രിനഗർ പോളച്ചിറ പടിഞ്ഞാറ്റേതിൽ മാഹിൻ (45), തേവള്ളി ചേരിയിൽ ഓലയിൽ കാവിൽ വീട്ടിൽ സരിത (46) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സരിതയുടെ ക്വട്ടേഷൻ പ്രകാരം മേയ് 23ന് പാപ്പച്ചനെ ആശ്രാമത്ത് വച്ച് അനിമോൻ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യം അപകടമരണമായാണ് കരുതിയിരുന്നത്. സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ പാപ്പച്ചന്റെ മകൾ പരാതി നൽകിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.