കൊല്ലം: സൂര്യൻ മറഞ്ഞാൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഭീഷണിയും ഭീതിയുമായി കൊല്ലം നഗരത്തിലെ ഹൈസ്കൂൾ ജംഗ്ഷനിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം. ജംഗ്ഷനിൽ നിന്ന് അഞ്ചാലുംമൂട്, കുണ്ടറ, പെരുമൺ, പ്രാക്കുളം, പനയം ഭാഗങ്ങളിലേക്ക് പോകാനായി ജനം ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇരുട്ടിലായത്.
അന്തി മയങ്ങിയാൽ കാത്തിരിപ്പ് കേന്ദ്രം കൂരിരുട്ടിലാവും. അകത്ത് ആളിരിക്കുന്നത് പുറത്തു നിൽക്കുന്നവർക്ക് കാണാൻ കഴിയാത്ത അവസ്ഥ. നഗരത്തിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകളിലൊന്നാണിത്. രാത്രിയിലും ഇവിടെ തിരക്കിന് കുറവുണ്ടാകാറില്ല. ഇരുട്ടായതിനാൽ യാത്രക്കാർ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുറത്ത് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളും ട്യൂഷന് ശേഷം വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികളുമാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. സമീപത്തെ തെരുവ് വിളക്ക് പണിമുടക്കിയാൽ ദുരിതം ഇരട്ടിയാകും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ഏക ആശ്രയം .
ഉത്തരവാദിത്വം കോർപ്പറേഷന്
കോർപ്പറേഷനാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത്. എം. മുകേഷ് എം.എൽ.എയുടെ 2019-2020 ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. തെരുവുനായ ശല്യവും ഈ ഭാഗത്ത് രൂക്ഷമാണ്. സന്ധ്യ മയങ്ങുന്നതോടെ സാമൂഹ്യവിരുദ്ധരും ഇവിടങ്ങളിൽ തമ്പടിക്കും. എത്രയും വേഗം ഇവിടെ വെളിച്ചമെത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രശ്നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാക്കും
സജീവ് സോമൻ, ചെയർമാൻ, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി