
കൊല്ലം: വാടിയിൽ കൈവണ്ടിയിൽ പഴക്കച്ചവടം നടത്തിയ ആളെ ആക്രമിച്ച് പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കൈക്കുളങ്ങര ചേരിയിൽ തോപ്പിൽ പുരയിടത്തിൽ ഏയ്ഞ്ചൽ ജറോം (48) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. വാടിക്കും തങ്കശേരിക്കും ഇടയിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുകയായിരുന്ന ജോനകപ്പുറം സ്വദേശി സാബിറിനെ (43) ആക്രമിച്ച കേസിലാണ് അറസ്റ്റ്. സാബിറിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത ശേഷം പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പള്ളിത്തോട്ടം സി.ഐ ഷഫീക്ക്, എസ്.ഐമാരായ ഹരികുമാർ, രാജീവ്, കൃഷ്ണകുമാർ, സാൽട്രസ്, എ.എസ്.ഐമാരായ ഷാനവാസ്, സരിത, സി.പി.ഒമാരായ സിഖിൽ, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.