കൊല്ലം: കൊട്ടിയം പൗരവേദിയും കേരള എക്‌സൈസ് വകുപ്പ് വിമുക്തിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരുമാസത്തെ ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം ഒക്ടോബർ 1ന് രാവിലെ 9.30ന് കൊട്ടിയം ഹോളിക്രോസ് കോളേജ് ഒഫ് നഴ്സിംഗിൽ എക്സൈസ് കമ്മിഷണർ മഹിപാൽ യാഥവ് നിർവഹിക്കും. കേരളപ്പിറവി ദിനമായ നവംബർ 1നാണ് കാമ്പയിന്റെ സമാപനം. കൊട്ടിയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാമ്പയിന്റെ ഭാഗമായി ക്ലാസുകൾ, സെമിനാറുകൾ, ലഹരി വിരുദ്ധ സന്ദേശം നൽകുന്ന കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. കൊട്ടിയം മേഖലയിലെ 20 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 5000 ഓളം വിദ്യാർത്ഥികളിലും ജനങ്ങളിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.