കൊല്ലം: കരിക്കോട് ഗോഡൗണിൽ നിന്ന് മദ്യം വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റുകളുടെ വിഭജനം നിർത്തിവയ്ക്കണമെന്ന് ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 1984ൽ ഗോഡൗൺ ആരംഭിക്കുമ്പോൾ നാല് ജില്ലകളിലേക്കുള്ള മദ്യം ഇവിടെ നിന്നാണ് വിതരണം ചെയ്തിരുന്നത്. കൊട്ടാരക്കരയിൽ പുതിയ ഗോഡൗൺ വന്നതോടെ കരിക്കോട് നിന്ന് മദ്യം എത്തിക്കുന്ന ഔട്ട്ലെറ്റുകളുടെ എണ്ണം 11 ആയി ചുരുങ്ങി. കരുനാഗപ്പള്ളിയിൽ പുതിയ ഗോഡൗൺ വന്നാൽ കരിക്കോട്ടെ ചുമട്ടുതൊഴിലാളികൾക്ക് ജോലി വീണ്ടും ഇടിയും. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ പറഞ്ഞു. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ബി.രാജു അദ്ധ്യക്ഷനായി. ഒക്ടോബർ 8ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ധർണ വിജയിപ്പിക്കാനും തീരുമാനിച്ചു. നേതാക്കളായ ബി.രാമകൃഷ്ണപിള്ള, പ്രൊഫ. കല്ലട സുകുമാരൻ, ബി.ഷാജഹാൻ, എം.സുരേന്ദ്രൻ, കെ.വാസുദേവൻ, മൈലംകുളം ദിലീപ്, ഡേവിസ്, രാജൻ എന്നിവർ സംസാരിച്ചു.