കൊല്ലം: ഒരു രസത്തിനാണ് പലരും നായ്ക്കുട്ടികളെ വാങ്ങി വളർത്തുന്നത്. കൗതുകം തീരുന്നതോടെ പലരും അവയെ ശ്രദ്ധിക്കാതെയാവും. പ്രായം കൂടുമ്പോഴും അസുഖം വരുമ്പോഴും തെരുവിൽ തള്ളുന്നവരും കുറവല്ല. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി എത്തുകയാണ് കോർപ്പറേഷൻ.
ഇനിമുതൽ വളർത്തുനായ്ക്കൾക്ക് ലൈസൻസിനൊപ്പം മൈക്രോചിപ്പും ഘടിപ്പിക്കും. മൈക്രോചിപ്പ് ഘടിപ്പിക്കുന്നതോടെ നായ്ക്കളുടെ തിരിച്ചറിയൽ സാദ്ധ്യമാക്കും. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്തവിവരം, വാക്സിനേഷൻ തുടങ്ങിയവ കോർപ്പറേഷന്റെ ഡേറ്റാബേസിൽ ഉൾപ്പെടുത്തും.
15 അക്ക സംഖ്യയാണ് ചിപ്പിലുള്ളത്. ശസ്ത്രക്രിയയില്ലാതെ തൊലിയിലൂടെ കഴുത്തിനടിയിൽ ഘടിപ്പിക്കാവുന്ന ബയോ കംപാക്ടബിൾ ഗ്ളാസ് സംവിധാനമുള്ള ചിപ്പുകളാണ് ഉപയോഗിക്കുന്നത്. അണുബാധയുണ്ടാകാതെ നായ്ക്കളുടെ ജീവിതാവസാനംവരെ ഇത് തൊലിയിൽ ഉണ്ടാകും. ലൈസൻസ് ലഭിക്കണമെങ്കിൽ പ്രതിരോധ കുത്തിവയ്പ് എടുത്തശേഷം നായ്ക്കൾക്ക് കോർപ്പറേഷനിൽ നിന്ന് മൈക്രോചിപ്പ് ഘടിപ്പിക്കണം. നിലവിൽ 7,300 ഓളം വളർത്തുനായ്ക്കളാണ് നഗരസഭ പരിധിയിലുള്ളത്.
ലൈസൻസ് നിർബന്ധം
മൃഗപരിപാലനം മെച്ചപ്പെടുത്താനും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും
പേവിഷബാധ നിയന്ത്രണം, പ്രജനന നിയന്ത്രണവുമായി ബന്ധപ്പെട്ട വന്ധ്യംകരണ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനാകും
ലൈസൻസ് എടുക്കാൻ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് കൃത്യമായി നൽകിയതായി വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം
ഒന്നിലധികം നായ്ക്കൾ ഉണ്ടെങ്കിൽ അവയ്ക്ക് ഓരോന്നിനും ലൈസൻസ് ലഭിക്കാൻ പ്രത്യേകം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണം
വാക്‌സിനേഷനും ലൈസൻസും എടുക്കാതെയോ ലൈസൻസ് പുതുക്കാതെയോ നായ്ക്കളെ വളർത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും
വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഫീസ്
₹ 250
വളർത്ത് നായ്ക്കളെ നഷ്ടപ്പെട്ടാൽ ചിപ്പിലെ വിവരങ്ങൾ നോക്കി തിരിച്ചറിയാൻ കഴിയും.
കോർപ്പറേഷൻ അധികൃതർ