chandramohan
ചന്ദ്രമോഹൻ

പനയം: രോഗങ്ങൾ നൽകിയ പ്രാരാബ്ധങ്ങളിൽ ഉഴലുകയാണ് പെരിനാട് വെള്ളിമൺ ആർ.കെ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.ചന്ദ്രമോഹനും കുടുംബവും. ഭിന്നശേഷിക്കാരനായ ചന്ദ്രമോഹന്റെ ഇരുവൃക്കകളും വർഷങ്ങളായി തകരാറിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. ദിവസേന രണ്ട് പ്രാവശ്യം ഡയാലിസിസ് വേണ്ടിവന്നതോടെ അതിനുള്ള സംവിധാനങ്ങൾ ഇപ്പോൾ വീട്ടിൽ ഒരുക്കിയിരിക്കുകയാണ്. മാസത്തിൽ ഒരു തവണ ആശുപത്രിയിൽ പരിശോധനയ്ക്ക് പോകണം. ഡയാലിസിസിന് മാത്രം ദിവസം ആയിരത്തോളം രൂപ ചെലവ് വരും.

പേരൂർ തട്ടാർകോണത്ത് സ്വന്തമായി ഉണ്ടായിരുന്ന 3.25 സെന്റ് വസ്തുവും വീടും ചികിത്സാ ആവശ്യങ്ങൾക്കായി പേരൂർ സഹകരണ ബാങ്കിൽ പണയപ്പെടുത്തി 4 ലക്ഷം രൂപ എടുത്തിരുന്നു. തിരിച്ചടവില്ലാതെ കടം പെരുകിയതോടെ കിടപ്പാടം വിറ്റാണ് ബാദ്ധ്യത ഒഴിവാക്കിയത്.

ചന്ദ്രമോഹന്റെ ഭാര്യയും രോഗിയാണ്. കശുഅണ്ടി വികസന കോർപ്പറേഷന്റെ മേക്കോൺ ഫാക്ടറിയിൽ തൊഴിലാളിയായ ഇവർക്ക് തൊഴിൽ ദിനങ്ങൾ കുറവാണ്. മറ്റ് ചികിത്സാ ആനുകൂല്യങ്ങളും കിട്ടില്ല. 26 ഉം 25 ഉം വയസുള്ള രണ്ട് പെൺമക്കളാണ് ഇവർക്ക്.

2003ൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേ ഉയരത്തിൽ നിന്ന് വീണാണ് ചന്ദ്രമോഹന് അംഗവൈകല്യം സംഭവിച്ചത്. വികലാംഗ ക്ഷേമ കോർപ്പറേഷൻ വഴി ഒരു ട്രൈ സ്കൂട്ടറിന് 2019 ൽ അപേക്ഷിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇത് കിട്ടിയാൽ ലോട്ടറി കച്ചവടമെങ്കിലും നടത്തി ജീവിക്കാമെന്ന പ്രതീക്ഷയിലാണ്. ചികിത്സാ സഹായത്തിനായി കിളികൊല്ലൂർ എസ്.ബി.ഐയിൽ ചന്ദ്ര മോഹന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ 67253300713. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070397. ഫോൺ: 859 3044549.

കിടപ്പാടം വലിയ സ്വപ്നം

ലൈഫിൽ ഭൂമിയും കിടപ്പാടവും കിട്ടാൻ അധികാരികളുടെ കനിവ് തേടുകയാണ് ഈ കുടുംബം. അപേക്ഷ സമർപ്പിക്കാനുള്ള സമയ പരിധിക്ക് ശേഷമാണ് ഇവർക്ക് കിടപ്പാടം വിൽക്കേണ്ടി വന്നത്. പുതിയതായി ലൈഫിൽ ഉൾപ്പെടുത്താൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് മന്ത്രി എം.ബി.രാജേഷ് നടത്തിയ അദാലത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്.

തങ്ങളുടെ സങ്കടങ്ങൾ പരിഹരിക്കാൻ സുമനസുകൾ തുണയാകുമെന്നാണ് പ്രതീക്ഷ.

എസ്.ചന്ദ്രമോഹൻ