new-
കാഷ്യൂ കോർപ്പറേഷന്റെ കൊട്ടിയം ഫാക്ടറി സന്ദർശിച്ച ഐവറി കോസ്റ്റ് അംബാസിഡറായ എറിക് കാമിലി എൻഡ്രൈ ഫാക്ടറി കോമ്പൗണ്ടിൽ കശുമാവ് തൈ നടുന്നു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ സമീപം

കൊല്ലം: ലോകത്തിൽ ഏറ്റവും കൂടുതൽ കശുഅണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യമായ ഐവറി കോസ്റ്റിൽ നിന്ന് പ്രതിവർഷം 15000 മെട്രിക് ടണ്ണിൽ കുറയാതെ കശുഅണ്ടി ലഭ്യമാക്കുമെന്ന് ഐവറി കോസ്റ്റ് അംബാസിഡറായ എറിക് കാമിലി എൻഡ്രൈ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കശുഅണ്ടി വികസന കോർപ്പറേഷൻ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത് .

കോർപ്പറേഷന്റെ ഒന്നാം നമ്പർ കൊട്ടിയം ഫാക്‌ടറിയിലെ പ്രോസസിംഗിന്റെ വിവിധ ഘട്ടങ്ങൾ, പരിപ്പ് ഫില്ലിംഗ്, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ഓണാഘോഷത്തോടനുബന്ധിച്ച് കൃഷി ചെയ്‌ത പൂന്തോട്ടം എന്നിവ സംഘം കണ്ടു. കാപ്പെക്‌സ്‌, സ്വകാര്യഫാക്‌ടറികൾ എന്നിവയും സന്ദർശിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന അവലോകന യോഗത്തിൽ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്‌സ്‌ ചെയർമാൻ എം.ശിവശങ്കരപിള്ള, കേരള കാഷ്യു ബോർഡ് സി.എം.ഡി എ.അലക്‌സാണ്ടർ, കാഷ്യു കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ കെ.സുനിൽജോൺ, കാപ്പെക്സ് എം.ഡി എം.സന്തോഷ്‌കുമാർ, കോർപ്പറേഷനിലെയും കാപ്പെക്സ്, കേരള കാഷ്യു ബോർഡ്, കശുമാവ് കൃഷി വികസന ഏജൻസിയിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.