
കൊല്ലം: ആദ്യമായാണ് കടയ്ക്കൽ സ്വദേശിനിയായ ശിവപ്രിയ ശിവപ്രസാദ് (17) ഹർഡിൽസിൽ മത്സരിക്കുന്നത്. ആശ്രാമത്ത് നടക്കുന്ന 68-ാമത് ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിലായിരുന്നു അരങ്ങേറ്റം. പരിശീലനവും ആത്മവിശ്വാസവും ഒന്നാം സ്ഥാനത്തിന്റെ വിജയത്തിളക്കമാണ് ശിവപ്രിയയ്ക്ക് സമ്മാനിച്ചത്.
ഇന്നലെ നടന്ന 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലാണ് ശിവപ്രിയ മത്സരിച്ചത്. പുനലൂർ എസ്.എൻ കോളേജിലെ ഒന്നാംവർഷ ചരിത്രവിഭാഗം ബിരുദ വിദ്യാർത്ഥിനിയാണ്. കോളേജിലെ കായികാദ്ധ്യാപകനായ സന്തോഷാണ് പരിശീലകൻ. രാവിലെയും വൈകിട്ടുമാണ് പരിശീലനം. അഞ്ചാംക്ലാസ് മുതൽ കായിക മത്സരങ്ങളിൽ സജീവമാണ്. സ്കൂൾ കായികമേളയിൽ 100, 200, 400 മീറ്റർ ഓട്ടത്തിൽ സബ്‌ജില്ലയിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. കൂടാതെ കഴിഞ്ഞവർഷം നടന്ന കേരളോത്സവത്തിൽ 200 മീറ്ററിൽ സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. കല്ലുവെട്ടാംകുഴി പ്രശാന്ത് ഭവനിൽ ശിവപ്രസാദും സിന്ധുവുമാണ് മാതാപിതാക്കൾ.