കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 68-ാമത് ജില്ലാ അത്‌ലറ്റിക്ക് മീറ്റിന്റെ രണ്ടാം ദിനം റിലേയിൽ മൂന്ന് വിഭാഗങ്ങളിലും ഒന്നാംസ്ഥാനം ഉൾപ്പെടെ മികച്ച നേട്ടം കരസ്ഥമാക്കി കാരംകോട് വിമല സെൻട്രൽ സി.ബി.എസ്.ഇ സ്‌കൂൾ.
ഇന്നലെ നടന്ന 4x100 മീറ്റർ റിലേയിൽ പത്ത് വയസിൽ താഴെ, പന്ത്രണ്ട് വയസിൽ താഴെ, പതിനാല് വയസിന് താഴെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിലാണ് മികച്ച വിജയം കരസ്ഥമാക്കിയത്. പത്ത് വയസിനും പന്ത്രണ്ട് വയസിനും താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാംസ്ഥാനവും പതിനാല് വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനവുമാണ് ലഭിച്ചത്.
മുൻവർഷങ്ങളിലും റിലേയിൽ മികച്ച പ്രകടനമാണ് സ്‌കൂൾ നേടിയിട്ടുള്ളത്. സി.ബി.എസ്.ഇ കൊല്ലം സഹോദയയുടെ സ്‌പോർട്‌സ് മീറ്റുകളിൽ തുടർച്ചയായി ഏഴ് വർഷം ഓവറാൾ ചാമ്പ്യന്മാരായ ടീമാണ് വിമല സെൻട്രൽ സ്‌കൂളിന്റേത്. ക്ലാസുകളിൽ നിന്ന് സ്‌പോർട്‌സിനോട് താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി അത്‌ലറ്റിക് മീറ്റിനിറക്കുകയാണ് രീതി. സ്‌കൂൾ അവധി ദിനങ്ങളിലും ഫ്രീ പിരീഡുകളിലുമാണ് കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നത്.
കായികാദ്ധ്യാപകരായ സാബുകുമാർ, ശ്രീജ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ഈ വർഷം മുതൽ 10,12,14 വയസിന് താഴെയുള്ള കുട്ടികൾക്ക് കായിക പരിശീനം നൽകുന്നതിനാണ് മുൻഗണന നൽകിയിട്ടുള്ളതെന്നും റിലേയിലുള്ള ആധിപത്യം നിലനിറുത്താൻ കൂടുതൽ പരിശ്രമംനടത്തുമെന്നും കായികാദ്ധ്യാപകൻ സാബുകുമാർ പറഞ്ഞു.