കൊല്ലം: സ്പോർട്സ് താരങ്ങളായിരുന്ന അച്ഛനിൽ നിന്നും അമ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കടവൂർ സ്വദേശിനിയായ അഭിഷ ദത്ത് (14) കായികരംഗത്തേക്ക് എത്തിയത്. ആശ്രാമത്ത് നടക്കുന്ന 68-ാമത് ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ ഇന്നലെ നടന്ന 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജംബിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
1.35 മീറ്റർ ഉയരത്തിൽ ചാടി ഒന്നാംസ്ഥാനവും സ്വന്തമാക്കി. ഒന്നാംക്ലാസ് മുതൽ കായിക മത്സരങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞവർഷം നടന്ന സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ടിനും ഡിസ്‌ക്കസ് ത്രോയിലും സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ഉത്തർപ്രദേശിൽ നടന്ന നാഷണൽ മീറ്റിലും പങ്കെടുത്തു. കൂടാതെ ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ ദേശീയതലത്തിൽ ജാവലിൻത്രോയ്ക്കും ഷോട്ട്പുട്ടിനും പങ്കെടുത്തു. ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്പോർട്സ് കൗൺസിൽ കോച്ചായ ജയകുമാറാണ് പരിശീലകൻ. ഏഴാംക്ലാസ് മുതൽ പരിശീലനം ആരംഭിച്ചു. സ്കൂളിൽ സമയം കഴിഞ്ഞ് എല്ലാദിവസവും രാവിലെയും വൈകിട്ടുമാണ് പരിശീലനം.
കടവൂർ ഇരുപ്പറയിൽ അജിത്തും അനുഷമോളുമാണ് മാതാപിതാക്കൾ. അച്ഛൻ അജിത്ത് പഴയ ഷോട്ട്പുട്ട് താരമായിരുന്നു. ചെന്നൈയിലെ കോളേജ് പഠനകാലത്ത് ചാമ്പ്യനായിരുന്നു. സംസ്ഥാന കായികമേളകളിലും പങ്കെടുത്തിരുന്നു. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തിൽ എൻജിനിയറാണ്. അമ്മ അനുഷമോൾ 1998 മുതൽ 2002 വരെ സ്കൂൾ കായികമേളയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഹൈജംബ്, ലോഗ്ജംബ്, ട്രിപ്പിൾ ജംബ് എന്നിവയിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. കൂടാതെ കൊല്ലം ജില്ലയിൽ നിന്നുള്ള വ്യക്തിഗത ചാമ്പ്യനുമായിരുന്നു. ഇപ്പോൾ ജില്ലാശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. അഭിഷയുടെ സഹോദരൻ അഭിനവ് ദത്തും കായികതാരമാണ്. ഇന്ന് നടക്കുന്ന ഷോട്ട്പുട്ടിലും അഭിഷ മത്സരിക്കുന്നുണ്ട്.