
ചാത്തന്നൂർ: ദീർഘകാലമായി നാടിന്റെ ആവശ്യമായ പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മാണം യാഥാർത്ഥ്യത്തിലേയ്ക്ക്. പാലം നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 14നാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി.
ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പള്ളിക്കമണ്ണടി - കൈതക്കുഴി പാലം. പള്ളിക്കമണ്ണടി കടവിൽ പാലം യാഥാർത്ഥ്യമാകുമ്പോൾ ചാത്തന്നൂരിൽ നിന്ന് ഇത്തിക്കര പാലം വഴി ചുറ്റിസഞ്ചരിക്കാതെ ആദിച്ചനല്ലൂരിലേക്കും തിരിച്ചും കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യാൻ കഴിയും.
പള്ളിക്കമണ്ണടി, കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണത്തിന് കിഫ്ബി വഴിയാണ് തുക അനുവദിച്ചത്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ പള്ളിക്കമണ്ണടി പാലം നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികളിലേക്ക് എത്തിയത്. പാലം നിർമ്മാണത്തിനായി 55.32 ആർസ് ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. കുമ്മല്ലൂർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉടൻ പൂർത്തിയായി ടെണ്ടർ നടപടികളിലേക്ക് കടക്കും.
അനുവദിച്ചത് ₹ 12 കോടി
നിർമ്മാണത്തിന് ₹ 10.09 കോടി
ഭൂമി ഏറ്റെടുക്കാൻ ₹ 1.56 കോടി
കെ.ആർ.എഫ്.ബിക്കാണ് നിർവഹണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തിയായാലുടൻ പള്ളിക്കമണ്ണടി പാലത്തിന്റെ നിർമ്മാണം ആരംഭിക്കും.
ജി.എസ്.ജയലാൽ എം.എൽ.എ