കൊല്ലം: ജില്ലാ അത്‌ലറ്റിക്ക് മീറ്റിന്റെ രണ്ടാം ദിനം പത്ത് വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലെ ലോംഗ്ജംബിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി ഒരേ സ്‌കൂളിലെ കുട്ടിക്കൂട്ടം.

കാരംകോട് വിമല സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. നാലാം ക്ലാസുകാരനായ രേവന്ദ്, മൂന്നാം ക്ലാസുകാരനായ ഫാരിസ് മുഹമ്മദ്, നാലാം ക്ലാസുകാരനായ എസ്.നീരജ് എന്നിവരാണ് വിജയികളായത്. സ്‌കൂളിലെ കായികാദ്ധ്യാപകരാണ് മൂന്ന് പേരിലെയും കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി മത്സരത്തിന് തയാറെടുപ്പിച്ചത്.

രേവന്ദിനും ഫാരിസ് മുഹമ്മദിനും ഇനി പത്ത് വയസിൽ താഴെയുള്ളവരുടെ 60 മീറ്റർ ഓട്ടം ബാക്കിയുണ്ട്. മൂന്നാം സ്ഥാനത്തെത്തിയ നീരജിന് പത്ത് വയസിൽ താഴെയുള്ളവരുടെ 4x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഒന്നിച്ച് മത്സരിച്ച് മൂന്ന് പേർക്കും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രേവന്ദും ഫാരിസും നീരജും ഒരേസ്വരത്തിൽ പറഞ്ഞു.