
കൊല്ലം: നഗരത്തിലെ നിരത്തുകളിൽ മാലിന്യം കുന്നുകൂടിയിട്ടും നടപടിയെടുക്കാതെ അധികൃതർ. കോളേജ് വിദ്യാർത്ഥികളും യാത്രക്കാരും സഞ്ചരിക്കുന്ന റെയിൽവേ സ്‌റ്റേഷൻ കർബല റോഡിൽ മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഡയറപ്പറുകളും ഉൾപ്പടെയുള്ളവയാണ് ഫാത്തിമ കോളേജിന് സമീപത്തെ റോഡിൽ തള്ളുന്നത്.
ചാക്കിൽ കെട്ടിയ മാംസാവശിഷ്ടങ്ങൾ, വാഹനങ്ങളിലും മറ്റുമെത്തി പ്ലാസ്റ്റിക്ക് കവറിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ എന്നിവയാണ് നിരന്തരം നിക്ഷേപിക്കുന്നത്. സമീപ പ്രദേശങ്ങളിലൊന്നും നിരീക്ഷണ ക്യാമറയില്ലാത്തത് മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹമായി. തെരുവ് നായ്ക്കൾ ഇവ കടിച്ചുകീറി നിരത്തുന്നതോടെ ഇതുവഴിയുള്ള യാത്രയും ദുരിതപൂർണമാണ്.
ആശുപത്രി മാലിന്യങ്ങളും ഫാത്തിമ കോളേജിനും റെയിൽവേ ട്രാക്കിനും സമീപത്തായി തള്ളുന്നുണ്ട്. നഗരത്തിൽ പകർച്ചവ്യാധികൾ ഉൾപ്പടെ പടർന്നുപിടിക്കുമ്പോഴും മാലിന്യം നീക്കം ചെയ്യാനോ മാലിന്യം തള്ളുന്നത് തടയാനോ നടപടി സ്വീകരിക്കാനോ അധികൃതർക്ക് കഴിയുന്നില്ല.
രാത്രിയിൽ പ്രദേശത്ത് വെളിച്ചമില്ലാത്തതാണ് മാലിന്യം തള്ളുന്നവരുടെ എണ്ണം വർദ്ധിക്കാൻ കാരണം. എത്രയും വേഗം റെയിൽവേ സ്‌റ്റേഷൻ കർബല റോഡിലെ മാലിന്യം നീക്കം ചെയ്യണമെന്നാണ് യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.
മഴ പെയ്താൽ പകർച്ച വ്യാധി
റെയിൽവേ സ്‌റ്റേഷനിലേക്കും സമീപത്തെ കോളേജിലേക്കും നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്
ഇടയ്ക്കിടെ മഴപെയ്യുന്നത് മാലിന്യങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം ഒരുക്കി
ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാൻ സാദ്ധ്യത
തെരുവുനായ ശല്യവും വർദ്ധിച്ചു
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. കർബല ഭാഗത്തെ മാലിന്യം നീക്കാൻ നടപടി സ്വീകരിക്കും. സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കും.
കോർപ്പറേഷൻ അധികൃതർ