കൊല്ലം: 68-ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ ആശ്രാമം മൈതാനത്തെ കനത്ത വെയിലിനെയും തോൽപ്പിക്കുന്ന പോരാട്ട ചൂടാണ് രണ്ടാം ദിവസവും അഞ്ചൽ സെന്റ് ജോൺസ് കാഴ്ചവച്ചത്. ഇന്നലെ 43 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യ ദിവസത്തെ കുതിപ്പ് നിലനിറുത്തി 254 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് കോളേജ് ഒന്നാംസ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വിമല സെൻട്രൽ സ്‌കൂളിനെ പിന്തള്ളി പുനലൂർ എസ്.എൻ കോളേജ് 154 പോയിന്റുമായി രണ്ടാംസ്ഥാനത്തും നാലാം സ്ഥാനത്തുണ്ടായിരുന്ന കൊല്ലം സായ് 119 പോയിന്റുമായി മൂന്നാംസ്ഥാനത്തും 108 പോയിന്റുമായി കാരംകോട് വിമല സെൻട്രൽ സ്‌കൂൾ നാലാം സ്ഥാനത്തും 93 പോയിന്റുമായി തങ്കശേരി ഇൻഫന്റ് ജീസസ് സ്‌കൂൾ അഞ്ചാം സ്ഥാനത്തുമാണ്.

അത്‌ലറ്റിക്‌സ് ഇനങ്ങളായിരുന്നു ഇന്നലെ അധികവും. 10 വയസിൽ താഴെയുള്ള കുട്ടികൾ മുതൽ 30 വയസുള്ള പുരുഷന്മാർ വരെ ഇന്നലെ നടന്ന മത്സരങ്ങളിൽ മാറ്റുരച്ചു. കത്തിക്കാളുന്ന വെയിലിനെ അവഗണിച്ച് പോരാട്ട വീര്യത്തോടെയാണ് ഓരോ മത്സരാർത്ഥികളും ട്രാക്കിലേക്കിറങ്ങിയത്. ചൂടിൽ തളരാതിരിക്കാൻ ഒപ്പമുള്ളവരും കാണികളും പ്രോത്സാഹനവുമായി രംഗത്തെത്തിയതോടെ മത്സരങ്ങൾക്ക് പുത്തനുണർവേകി. മത്സരത്തിൽ ഒന്നാമതെത്തിയവരെ മാത്രമല്ല മത്സര വഴിയിൽ കാലിടറി വീണവരെ ഒപ്പം മത്സരിച്ചവർ ചേർത്ത് നിറുത്തിയത് പുത്തനനുഭവമായി. ചിലർ കണ്ണീരണിഞ്ഞെങ്കിലും കൂട്ടുകാരും അദ്ധ്യാപികരും സമാധാനിപ്പിച്ചു.

വിവിധ കാറ്റഗറിയിലായി പെൺകുട്ടികളുടെ പത്തുവയസിന് താഴെ വിഭാഗത്തിൽ 12 പോയിന്റുമായി വിമല സെൻട്രൽ സ്‌കൂൾ കാരങ്കോടാണ് മുന്നിൽ.
14 വയസിൽ താഴെ വിഭാഗത്തിൽ 12 പോയിന്റുമായി വിമല സെൻട്രൽ സ്‌കൂൾ മുന്നിൽ തന്നെയാണ്. 16 വയസിൽ താഴെ വിഭാഗത്തിൽ 30 പോയിന്റുമായി സെന്റ് ജോൺസ് കോളേജ് അഞ്ചലാണ് മുന്നിൽ.
18 വയസിൽ താഴെ വിഭാഗത്തിൽ 26 പോയിന്റുമായി സെന്റ്‌ ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂരാണ് മുന്നിൽ. 20 വയസിൽ താഴെ വിഭാഗത്തിൽ 36 പോയിന്റുമായി സെന്റ് ജോൺസ് കോളേജ് അഞ്ചൽ, വനിതാ വിഭവത്തിൽ 42 പോയിന്റുമായി ക്യു.എ.സി ക്ലബ് എന്നിവയാണ് മുന്നിൽ. ആൺകുട്ടികളുടെ 10 വയസിൽ താഴെ വിഭാഗത്തിൽ വിമല സെൻട്രൽ സ്‌കൂൾ കാരങ്കോടാണ് മുന്നിൽ. 12 വയസിൽ താഴെ വിഭാഗത്തിൽ 12 പോയിന്റുമായി വിമല സെൻട്രൽ സ്‌കൂൾ തന്നെയാണ് മുന്നിൽ. 14 വയസിൽ താഴെ വിഭാഗത്തിൽ സെന്റ് ജോൺസ് കോളേജ് അഞ്ചൽ 8 പോയിന്റുമായി മുന്നിലാണ്.

16 വയസിൽ താഴെ വിഭാഗത്തിൽ 30 പോയിന്റുമായി സായി കൊല്ലം മുന്നിൽ നിൽക്കുന്നു. 18 വയസിൽ താഴെ വിഭാഗത്തിലും സായി കൊല്ലം 45 പോയിന്റുമായി മുന്നിലാണ്. 20 വയസിൽ താഴെ വിഭാഗത്തിലും 57 പോയിന്റുമായി മുന്നിലാണ് സായി. പുരുഷ വിഭാഗത്തിൽ 47 പോയിന്റ് ഉള്ള സെന്റ് ജോൺസ് മുന്നിലാണ്.

ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി മഴ പെയ്തതിനാൽ അഞ്ച് മണിക്ക് മത്സരങ്ങൾ അവസാനിപ്പിക്കേണ്ടി വന്നു. രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റിൽ 74 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. മേള ഇന്ന് അവസാനിക്കും.